Connect with us

International

ജോണ്‍ കെറി ഇറാഖില്‍; ലക്ഷ്യം ഇസിലിനെതിരെ സംയുക്ത പോരാട്ടം

Published

|

Last Updated

ബഗ്ദാദ്: ഇസില്‍ സായുധ സംഘത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇറാഖിലെത്തി. ഹൈദര്‍ അല്‍ അബ്ബാദി പ്രധാനമന്ത്രിയായുള്ള പുതിയ സര്‍ക്കാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്യത്തിന്റെ വലിയൊരു ഭാഗം പിടിച്ചടക്കിയിരിക്കുന്ന ഇസില്‍ സായുധ സംഘത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള പദ്ധതികള്‍ രണ്ട് പേരും ചര്‍ച്ച ചെയ്തു. പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ച് നല്ല അഭിപ്രായമാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ, സൈനിക പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കെറി അഭിപ്രായപ്പെട്ടു. ഇസില്‍ സായുധ സംഘത്തെ നേരിടുന്നതിന് അമേരിക്കക്ക് എങ്ങനെയെല്ലാം ഇറാഖിനെ സഹായിക്കാന്‍ കഴിയുമെന്ന കാര്യവും ഇറാഖിന്റെ ഭാവി എങ്ങനെ സുരക്ഷിതമാക്കാമെന്ന കാര്യവും ഇരുവരും കൂടിക്കാഴ്ചക്കിടെ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിക്ക് പുറമെ ഇറാഖ് പ്രസിഡന്റ് ഫുആദ് മഅ്‌സൂം, പാര്‍ലിമെന്റ് സ്പീക്കര്‍ സാലിം അല്‍ ജുബുരി, വിദേശകാര്യ മന്ത്രി ഇബ്‌റാഹിം അല്‍ ജഅ്ഫരി എന്നിവരുമായും കെറിയും സംഘവും ചര്‍ച്ച നടത്തുന്നുണ്ട്.
സിറിയയില്‍ നിന്ന് ഇറാഖിലേക്ക് അധിനിവേശം നടത്തുന്ന ഇസിലിനെതിരെയുള്ള പോരാട്ടം ലോക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇറാഖിനെയും മറ്റു പ്രദേശങ്ങളെയും ഇവരില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അല്‍ അബ്ബാദി പറഞ്ഞു.
അതിനിടെ കിഴക്കന്‍ ബഗ്ദാദിലുണ്ടായ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് ഒമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 25 പേര്‍ക്ക് സംഭവത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ നേരത്തെ അമേരിക്ക ഇറാഖിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇറാഖില്‍ അധികാരത്തിലേറുന്ന പുതിയ സര്‍ക്കാറിന്റെ സഹായത്തോടെ ഇസിലിനെ തോല്‍പ്പിക്കാനാകുമെന്നാണ് അമേരിക്കയുടെ കണക്കൂകൂട്ടല്‍. കഴിഞ്ഞ ദിവസമാണ് ഹൈദര്‍ അല്‍ അബ്ബാദി പ്രധാനമന്തിയായുള്ള പുതിയ സര്‍ക്കാറിന് ഇറാഖ് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയത്. തീവ്രവാദത്തെ ചെറുക്കാനും ഇറാഖില്‍ നിലവില്‍ നേരിടുന്ന വിവിധ വിഭാഗങ്ങളുടെ പ്രതിഷേധങ്ങളും പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നതോടെ സഹായകമാകുമെന്ന് കരുതപ്പെടുന്നു. നേരത്തെ മുന്‍ പ്രധാനമന്ത്രി അല്‍ നൂരി മാലികിയുടെ നേതൃത്വത്തിലുള്ള ഇറാഖ് സര്‍ക്കാര്‍ സുന്നി പക്ഷത്തെ തഴഞ്ഞെന്ന് കാണിച്ച് അവര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതേസമയം പുതിയ സര്‍ക്കാറിന് അംഗീകാരം നല്‍കിയെങ്കിലും പ്രധാന വകുപ്പുകളായ ആഭ്യന്തരം, പ്രതിരോധം എന്നീ സ്ഥാനങ്ങളിലേക്ക് ഇപ്പോഴും ആരെയും നിശ്ചയിച്ചിട്ടില്ല. ഒരാഴ്ചത്തെ സമയം വേണമെന്നാണ് കഴിഞ്ഞ ദിവസം അല്‍ അബ്ബാദി ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ ഇസിലിന്റെ ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പ്രയാസപ്പെടുകയാണ് ഇറാഖ് സൈന്യം. അമേരിക്കന്‍ വ്യോമ ആക്രമണ പിന്തുണയോടെ ചില നഗരങ്ങള്‍ ഇറാഖ് സൈന്യം ഇസിലില്‍ നിന്ന് തിരിച്ചുപിടിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണ അമേരിക്ക ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണങ്ങള്‍ നടത്തി. ഇതിന് പ്രതികാരമായി രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ തല ഇസില്‍ വെട്ടിമാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിരുന്നു.

Latest