അമേരിക്കയില്‍ വംശീയ വിദ്വേഷം വര്‍ധിക്കുന്നതായി പഠനം

Posted on: September 11, 2014 3:16 am | Last updated: September 10, 2014 at 11:20 pm
SHARE

racismവാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കഴിഞ്ഞ് 13 വര്‍ഷം കഴിഞ്ഞിട്ടും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിംകളോടും അറബ് വംശജരോടും സിക്കുകാരോടും ഹിന്ദുക്കളോടുമുള്ള ശത്രുതാ മനോഭാവം അമേരിക്കയില്‍ വര്‍ധിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. ദി സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ് ടുഗദര്‍(സാള്‍ട്ട്) എന്ന സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറുകണക്കിന് അക്രമ സംഭവങ്ങള്‍ ഇവര്‍ക്കെതിരെ അരങ്ങേറി.
വിദേശികളോടുള്ള വിദ്വേഷം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനകളുടെ എണ്ണം 40 ശതമാനം വര്‍ധിച്ചു. അതേസമയം നിരവധി ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും പോകുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരം, ന്യൂജേഴ്‌സി മെട്രോപോളിറ്റന്‍ പ്രദേശം, ചിക്കാഗോ, കാലിഫോര്‍ണിയ തുടങ്ങിയ പ്രധാന നഗരങ്ങളിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അമേരിക്കക്കാരല്ലെന്നും നിയമവിരുദ്ധമായി കുടിയേറിയവരെന്നും ചിത്രീകരിച്ചാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കെതിരെ ആക്രമണം നടക്കുന്നത്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത ആക്രമണ സംഭവങ്ങളില്‍ 80 ശതമാനവും വ്യാജമായി സൃഷ്ടിച്ചുണ്ടാക്കിയ മുസ്‌ലിംവിരുദ്ധ വികാരത്താല്‍ ഉണ്ടായതാണെന്ന് സാള്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമാന്‍ രഘുനാഥന്‍ ചൂണ്ടിക്കാട്ടുന്നു.