Connect with us

Kasargod

വലിയപറമ്പയില്‍ മത്തിക്കൂട്ടം കരയിലെത്തി

Published

|

Last Updated

തൃക്കരിപ്പൂര്‍: വലിയപറമ്പയില്‍ ഇന്നലെയും മത്തിക്കൂട്ടം തിരയോടൊപ്പം കരയിലെത്തി. വലിയപറമ്പ പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറം, ഉദിനൂര്‍ കടപ്പുറം എന്നീ കടലോര പ്രദേശങ്ങളിലാണ് മത്തി കൂട്ടത്തോടെ തീരത്തടുത്തത്. ഇന്നലെ രാവിലെ ഒമ്പത് മണിമുതലാണ് നാട്ടുകാരില്‍ കൗതുകമുണര്‍ത്തിക്കൊണ്ടുള്ള മത്തിച്ചാകര ഉണ്ടായത്. വിവരമരിഞ്ഞെത്തിയ നാട്ടുകാര്‍ ബക്കറ്റുകളിലും സഞ്ചികളിലുമൊക്കെ പിടയ്ക്കുന്ന മത്തി ശേഖരിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പും വലിയപറമ്പ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഈ പ്രതിഭാസം ഉണ്ടായിരുന്നു.
കരയോട് വളരെ അടുത്തുകൂടി മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകളുടെ ശബ്ദവും മറ്റും കാരണം തീരത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്ന മീന്‍കൂട്ടം ഭയപ്പെട്ട് തിരയില്‍ അകപ്പെടുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. സാധാരണയായി തീരത്തുനിന്നും എട്ടു കിലോമീറ്റര്‍ ദൂരത്തുമാത്രമെ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മീന്‍ പിടിക്കാന്‍ നിയമാനുസൃതമായുള്ള അനുവാദമുള്ളൂ. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇപ്പോള്‍ കരയില്‍ നിന്ന് ഇരുപത്തഞ്ചു മീറ്റര്‍ അകലത്തില്‍ കൂടി സഞ്ചരിച്ചാണ് പലപ്പോഴും ബോട്ടുകള്‍ വലയിളക്കുന്നത്. ഇത് പരമ്പരാഗത മത്സ്യതൊഴിലാളികളെ ബാധിക്കുനുവെന്നു മാത്രമല്ല, ചെമ്മീനടക്കമുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ നാശത്തിനും ഇടയാക്കുന്നു.
സാധാരണയായി സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടം ചെമ്മീന്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചകാലമാണ്. കടലിന്റെ അടിത്തട്ടുവരെയെത്തുന്ന വലകള്‍ കൊണ്ട് ബോട്ടുകള്‍ മീന്‍ പിടിക്കുന്നത് മത്സ്യക്കുഞ്ഞുങ്ങളുടെ നാശത്തിന് കാരണമാകും. എന്നാല്‍ ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ അധികൃതര്‍ ശ്രദ്ധിക്കാറില്ലെന്നാണ് മത്സ്യ തൊഴിലാളികളുടെ പരാതി.

 

Latest