സി ബി ഐ മേധാവി പ്രതിക്കൂട്ടില്‍

Posted on: September 11, 2014 6:00 am | Last updated: September 10, 2014 at 10:12 pm
SHARE

പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. രാജ്യത്തെ ഞെട്ടിച്ച 2ജി, കല്‍ക്കരി അഴിമതിക്കേസുകളിലെ പ്രതികളുമായി രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയ വിവരം, അദ്ദേഹത്തിന്റെ വസതിയിലെ സന്ദര്‍ശക രജിസ്റ്ററിന്റെ പിന്‍ബലത്തോടെയാണ് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചത്. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന 2ജി കേസിലെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥര്‍ സിന്‍ഹയുമായി പല വട്ടം കൂടിക്കാഴ്ച നടത്തിയതായി സന്ദര്‍ശക രജിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി രണ്ട് സംഭവങ്ങളിലും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ സിന്‍ഹയോട് ആവശ്യപ്പെട്ടിരിക്കയാണ്.
വിവാദപുരുഷനാണ് മുമ്പേ തന്നെ രഞ്ജിത് സിന്‍ഹ. മുമ്പ് സി ബി ഐ. ഡി ഐ ജിയായും ജോയിന്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ച സിന്‍ഹ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെ സഹായിക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതേച്ചൊല്ലി സി ബി ഐയില്‍ നിന്നു പുറത്തു പോകാന്‍ നിര്‍ബന്ധിതനായ അദ്ദേഹം ലാലു റെയില്‍വേ മന്ത്രി ആയപ്പോള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ മേധാവിയായി നിയമിക്കപ്പെട്ടു. സിന്‍ഹ സി ബി ഐ മേധാവിയായി നിയമിക്കപ്പെട്ടതിന് പിന്നില്‍ ലാലുവിന്റെ സ്വാധീനമുള്ളതായും ആക്ഷേപമുണ്ട്. ഇസ്‌റത് ജഹാന്‍, പ്രാണേഷ് കുമാര്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ വെള്ള പൂശുന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും വിമര്‍ശവിധേയമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത് ഷായെ കേസില്‍ പ്രതി ചേര്‍ത്തിരുന്നുവെങ്കില്‍ യു പി എ സര്‍ക്കാറിന് സന്തോഷമായേനെയെന്നാണ് ഇക്കണോമിക് ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിന്‍ഹ പറഞ്ഞത്. കേസില്‍ ഷായുടെ പങ്കിനെ സംബന്ധിച്ച് സംശയമുണ്ടായിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു.
സി ബി ഐ അന്വേഷിക്കുന്ന കേസുകളുടെ ചുമതലയില്‍ നിന്നും സിന്‍ഹയെ നീക്കണമെന്നും അദ്ദേഹത്തിനെതിരായ പരാതികള്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും പ്രശാന്ത്ഭൂഷന്‍ കോടതിയോട് ആവശ്യപ്പെടുന്നുണ്ട്. സമ്മര്‍ദ തന്ത്രങ്ങളില്‍ നിന്ന് മുക്തമായ നിഷ്പക്ഷ അന്വേഷണ ഏജന്‍സിയായാണ് സി ബി ഐ വിശ്വസിക്കപ്പെട്ടിരുന്നത്. ബാഹ്യ ശക്തികളുടെ ഇടപെടലും അട്ടിമറിയും സംശയിക്കപ്പെടുന്ന കേസുകളില്‍ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന മുറവിളി പതിവാണ്. ഈ അന്വേഷണ ഏജന്‍സിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കല്‍ക്കരി കുംഭകോണം കേസിലും മറ്റുമായി സമീപ കാലത്ത് സി ബി ഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും കോടതിയില്‍ നിന്നുള്ള രൂക്ഷമായ വിമര്‍ശവും അതിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കല്‍ക്കരി കേസില്‍ സര്‍ക്കാറിന്റെ സമ്മര്‍ദത്തിന് വഴങ്ങി അന്വേഷണ റിപോര്‍ട്ട് തിരുത്തിയ നടപടിയെ വിമര്‍ശിക്കവെ, കൂട്ടിലടച്ച തത്തയെന്നാണ് സി ബി ഐയെ സുപ്രീംകോടതി പരിഹസിച്ചത്. സി ബി ഐയെ സ്വതന്ത്രമാക്കുന്നതിന് അടിയന്തരമായി നിയമനിര്‍മാണം നടത്താനും അന്ന് കോടതി നിര്‍ദേശിച്ചു. കോര്‍പറേറ്റ് ജീവനക്കാര്‍ക്ക് സി ബി ഐയുടെ അത്യുന്നത മേധാവി വിധേയപ്പെടുന്നുവെന്ന ആരോപണം ഇതിനേക്കാള്‍ ഗുരുതരമാണ്. എന്തിനാണ് കല്‍ക്കരി കേസിലെയും 2ജി കേസിലെയും പ്രതികള്‍ സി ബി ഐ ഡയറക്ടറെ വീട്ടില്‍ ചെന്നു കാണുന്നത്? അതും ഒരു തവണയല്ല പത്തിലേറെ തവണ! സ്വാധീനിച്ചു കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വ്യക്തം. കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സിന്‍ഹ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്തൊക്കെയോ ഒളിച്ചുവെക്കാനും മറച്ചുപിടിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകണം.
ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ മാഫിയ സംഘങ്ങളുമായുള്ള ബന്ധവും അടുപ്പവും അറിയപ്പെട്ടതാണ്. ഈ നിലയിലേക്ക് സി ബി ഐയും തരംതാഴ്ന്നാല്‍ നിയമപാലന മേഖലയിലെ അവസാനത്തെ അത്താണിയും നഷ്ടമാവുകയും ജനങ്ങളില്‍ അരാജകത്വ ബോധം വളരുകയും ചെയ്യും. സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് ഇനിയും തുടരാന്‍ സിന്‍ഹയെ അനുവദിക്കുന്നത് നീതിനിര്‍വഹണ മേഖലക്ക് തന്നെ അപമാനമാണ്.