Connect with us

Gulf

ഒമാനിലും സോളാര്‍ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ടത് രണ്ടായിരത്തോളം പേര്‍

Published

|

Last Updated

മസ്‌കത്ത് : കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ മാതൃകയിലുള്ള തട്ടിപ്പ് ഒമാനിലും സജീവമായി. രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം രണ്ടായിരത്തോളം പേരെ കബളിപ്പിച്ച രണ്ട് വ്യാജ കമ്പനികള്‍ക്കെതിരെ ഒമാന്‍ റോയല്‍ പോലീസ് വക്താക്കള്‍ നടപടിയെടുത്തു. വീടുകളിലും കമ്പനികളിലും മറ്റും സോളാര്‍ പാനല്‍ വെക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ കമ്പനിക്കും ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത കമ്പനിക്കുമെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. നെറ്റവര്‍ക് മാര്‍ക്കറ്റിംഗിലൂടെയാണ് രണ്ട് കമ്പനികളും തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തിയത്.
ഔദ്യോഗികകമായി റജിസ്റ്റര്‍ ചെയ്യുകയോ നിയമ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്ത ഈ രണ്ട് കമ്പനികളും 1800 പേരെ വഞ്ചിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വക്താക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതിനകം നിരവധി പേര്‍ പരാതിയുമായി ആര്‍ ഒ പിയെ സമീപിച്ചിട്ടുണ്ട്. രണ്ട് സ്വദേശികളുടെയും ഒരു അറബ് വംശജന്റെയും നിയന്ത്രണത്തിലുള്ളതാണ് കമ്പനികളെന്ന് വ്യക്തമായിട്ടുണ്ട്. ഇരു കമ്പനികളുടെയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും നടത്തിപ്പും തമ്മില്‍ സാമ്യമുള്ളതിനാല്‍ ഇവ തമ്മില്‍ ബന്ധമുള്ളതായി സംശയിക്കപ്പെടുന്നുണ്ട്.
വിപണിയിലുള്ള വിലയേക്കാള്‍ ഇരട്ടിയിലധികമാണ് ഈ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ചുമത്തിയതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഗ്രാമ പ്രദേശങ്ങളിലടക്കം ഉപഭോക്താക്കളെ നേരില്‍ കണ്ടും ഉത്പന്നങ്ങളെ കുറിച്ച് ക്ലാസുകളും ക്യാമ്പയിനുകളും സംഘടിപ്പിച്ചും തങ്ങളുടെ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗിലേക്ക് കമ്പനികള്‍ ആളെ ചേര്‍ത്തിട്ടുണ്ടെന്നും കുറഞ്ഞ കാലം കൊണ്ട് വന്‍ ലാഭം കിട്ടാവുന്ന പദ്ധതിയാണിതെന്നും പറഞ്ഞ് കമ്പനി ഉടമകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായും പോലീസ് അറിയിച്ചു. ഒരു ഉത്പന്നം വില്‍ക്കുകയാണെങ്കില്‍ കമ്പനിയുടെ മണി ചെയിന്‍ പദ്ധതിയില്‍ അംഗമായവര്‍ക്ക് എല്ലാവര്‍ക്കും ലാഭത്തിന്റെ വിഹിതം ലഭിക്കുമെന്നും കമ്പനി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇങ്ങനെ ഗുണനി ലവാരം തീരെയില്ലാത്തതും വില കൂടിയതുമായ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനി ഉടമകള്‍ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
രാജ്യത്ത് ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രേഖകളൊന്നും ഇവര്‍ ശരിയാക്കിയിട്ടില്ലെന്നും കമ്പനിയുടെ ഓരോ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമായിരുന്നെന്നും ആര്‍ ഒ പിയുടെ അന്വേഷണ വിദഗ്ധര്‍ വ്യക്തമാക്കി. കമ്പനി ഉടമകള്‍ക്കെതിരെ ശക്തമയ നിയമ നടപടിയുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
വാണിജ്യ വ്യാപര മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത ഇത്തരം മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഇത്തരം കമ്പനിയുടെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
മാര്‍ക്കറ്റിംഗ് മേഖലയില്‍ സജീവമായ അന്താരാഷ്ട്ര കമ്പനികളുമായി ഒമാനിലെ കമ്പനികള്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.