Connect with us

International

വസീറിസ്ഥാനില്‍ പാക് വ്യോമാക്രമണം: 65 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 65 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പാക് സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ജൂണില്‍ താലിബാന്‍ തീവ്രവാദികള്‍ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് നേരെ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് തീവ്രവാദികളെ നേരിടുന്നതിനും ഇവരെ തുടച്ചുനീക്കാനും ലക്ഷ്യം വെച്ച് പാക്കിസ്ഥാന്‍ സൈന്യം ശക്തമായ ആക്രമണം ആരംഭിച്ചത്. കറാച്ചി വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതോടെ സര്‍ക്കാറും താലിബാന്‍ തീവ്രവാദികളും തുടങ്ങിവെച്ചിരുന്ന സമാധാന ചര്‍ച്ചകള്‍ തകിടം മറിയുകയും ചെയ്തു.
കഴിഞ്ഞ ദിവസം വടക്ക്പടിഞ്ഞാറന്‍ വസീറിസ്ഥാനിലെ ദത്താഖേല്‍ പ്രദേശത്ത് പാക് സൈന്യം നടത്തിയ ആദ്യ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാവിലെയായിരുന്നു ഈ ആക്രമണം നടത്തിയത്. ഇതിന് ശേഷം വൈകുന്നേരം നടത്തിയ മറ്റൊരു ആക്രമണത്തില്‍ ശവാല്‍ താഴ്‌വരയില്‍ 30 തീവ്രവാദികളും കൊല്ലപ്പെട്ടെന്ന് പാക് സൈന്യം വെളിപ്പെടുത്തി. വടക്ക്പടിഞ്ഞാറന്‍ വസീറിസ്ഥാനില്‍ തീവ്രവാദികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി പാക് സൈന്യം വ്യോമ, കര ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. തഹ്‌രീകെ താലിബാന്‍ പാക്കിസ്ഥാന്‍(ടി ടി പി) ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളുടെ വിഹാര കേന്ദ്രമായാണ് വസീറിസ്ഥാന്‍ അറിയപ്പെടുന്നത്. മിരന്‍ ശാ, മിര്‍ അലി തുടങ്ങിയ പ്രധാന നഗരങ്ങള്‍ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ നിന്ന് തിരിച്ചുപിടിച്ചതായി സൈന്യം അവകാശപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പാക് പ്രദേശങ്ങളില്‍ അല്‍ ഖാഇദ ഉള്‍പ്പെടെയുള്ള നിരവധി സംഘങ്ങള്‍ തമ്പടിച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. വടക്ക്പടിഞ്ഞാറന്‍ വസീറിസ്ഥാനില്‍ ഒളിച്ചുതാമസിക്കുന്ന തീവ്രവാദികളെ തുടച്ചു നീക്കണമെന്ന് അമേരിക്ക നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സഞ്ചരിക്കുന്ന നിരവധി ട്രക്കുകള്‍ വസീറിസ്ഥാനില്‍ വെച്ച് തീവ്രവാദികള്‍ നശിപ്പിച്ചിരുന്നു.

Latest