സവാള: ഔഷധ ഗുണങ്ങളില്‍ കേമന്‍

Posted on: September 10, 2014 10:41 pm | Last updated: September 11, 2014 at 7:15 pm
SHARE

onionനമ്മുടെ നിത്യേനയുള്ള ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത സാനിധ്യമാണ് സവാള. കറിക്കും മറ്റ് ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്കും രുചി കൂട്ടാന്‍ സവാള കൂടിയേ തീരൂ. എന്നാല്‍ രുചി മാത്രമല്ല മികച്ച ഔഷധ ഗുണവുമുള്ളതാണ് സവാള എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മികച്ച ആന്റി ഓക്‌സിഡന്റുകളായ സള്‍ഫറിന്റേയും, ക്യുവെര്‍സെറ്റിന്റേയും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നല്‍കുന്നത്. ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു.

നൂറ്റാണ്ടുകളായി സവാളയെ ഔഷധാവശ്യങ്ങള്‍ക്കായി മുനഷ്യന്‍ ഉപയോഗിച്ചുവരുന്നുണ്ട്. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് സവാള.

സവാളയുടെ ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും രക്താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു. രക്തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്) ഇത് തടയുന്നു. ഇതു കൂടാതെ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്ക്കുണ്ട്.

ആന്‍ജൈന എന്ന നെഞ്ചു വേദനയ്ക്ക് ചൈനീസ് മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്, ആസ്ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവായഌ് കഴിയും.

സവാളയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്.

പ്രാണികളോ, തേളോ കുത്തിയാല്‍ സവാളയുടെ നീരോ, സവാള അരച്ചതോ പുരട്ടിയാല്‍ മതി. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി സവാളനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ സവാളയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.

സവാള നീരും തേനും അല്ലെങ്കില്‍ സവാള നീരും ഒലിവെണ്ണയും ചേര്‍ന്ന മിശ്രതം ത്വക്കിന് തിളക്കമേകുന്നു. മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു.

വയറ്റില്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും, ബാക്ടീരിയ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും സവാള നല്ലൊരു മരുന്നാണ്.

സവാളയുടെ ഏതാനും അല്ലി അരിഞ്ഞ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക് ആശ്വാസം നല്‍കും.