ക്യു ഇ റിപോര്‍ട്ട് ദിവക്ക് നേട്ടം

Posted on: September 10, 2014 7:27 pm | Last updated: September 10, 2014 at 8:27 pm
SHARE

ദുബൈ: ദിവ (ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി)ക്ക് ദുബൈ സര്‍ക്കാറിന്റെ ഇ സര്‍വീസിനുള്ള ക്യു ഇ (ക്വാളിറ്റി ഇവല്യൂഷന്‍) റിപോര്‍ട്ടില്‍ നേട്ടം. 50 മുതല്‍ താഴോട്ട് ഇ സര്‍വീസ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ സ്ഥാപനങ്ങളുടെ പട്ടികയിലാണ് റിപോര്‍ട്ടില്‍ 95 ശതമാനം മാര്‍ക്ക് ദിവ സ്വന്തമാക്കിയത്.
എല്ലാ രംഗത്തും സ്മാര്‍ട്ടായി മാറാനുള്ള ദിവയുടെ പരിശ്രമത്തിനുള്ള അംഗീകാരമാണ് റിപോര്‍ട്ടില്‍ മികവ് തെളിയിക്കാന്‍ ഇടയാക്കിയിരിക്കുന്നതെന്ന് ദിവ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. ദുബൈയെ ലോകത്തിലെ സ്മാര്‍ട് നഗരങ്ങളുടെ നെറുകയില്‍ എത്തിക്കുക എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണമാണ് സര്‍വീസുകള്‍ സ്മാര്‍ട്ടാക്കി മാറ്റാന്‍ ദിവക്ക് പ്രചോദനം.
27 സര്‍ക്കാര്‍ വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ക്യു ഇ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരം മാനദണ്ഡമാക്കി 141 ഇ സര്‍വീസുകളാണ് സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരിശോധിച്ചത്. ദിവക്ക് ഇതില്‍ 95 ശതമാനം സ്‌കോര്‍ ചെയ്യാന്‍ സാധിച്ചുവെന്നത് അഭിമാനകരമാണ്. കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടില്‍ നിന്നും ആറു ശതമാനം മുകളിലേക്ക് എത്താനും ദിവക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു.