പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിലെ യുക്തിയെന്തെന്ന് സുപ്രീംകോടതി

Posted on: September 10, 2014 1:21 pm | Last updated: September 11, 2014 at 12:30 am
SHARE

supreme court

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ഇന്നത്തേക്ക് മാറ്റി. അതുവരെ ബാറുകള്‍ പൂട്ടരുതെന്നും തല്‍സ്ഥിതി തുടരണമെന്നും ജസ്റ്റിസ് അനില്‍ ആര്‍ ധാവെയും യു യു ലളിതും അടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. ഫൈവ് സ്റ്റാര്‍ ബാറുകളും അല്ലാത്തതും തമ്മിലുള്ള വിവേചനം എന്താണെന്ന് കോടതി ചോദിച്ചു. കേസില്‍ സ്റ്റേ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ബാറുകള്‍ അടച്ചുപൂട്ടാന്‍ എക്‌സൈസ് വകുപ്പ് നല്‍കിയ നോട്ടീസിനെതിരെയാരുന്നു ബാറുടമകളുടെ ഹരജി. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹരജിയും നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം സാമാന്യ നീതിക്കു നിരക്കുന്നതല്ലെന്നായിരുന്നു ബാറുടമകളുടെ പ്രധാനവാദം. ബാറുകള്‍അടച്ചാലും പഞ്ചനക്ഷത്ര ബാറുകളും കള്ളു ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും സംസ്ഥാന സര്‍ക്കാറിന്റെ മദ്യവില്‍പ്പന ശാലകളും തുറന്നു പ്രവര്‍ത്തിക്കുമെന്നു ബാറുടമകള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാറിന്റെ മദ്യനയത്തിന്റെ യുക്തി എന്തെന്ന് കോടതി ആരാഞ്ഞത്.
എന്നാല്‍, മദ്യനയം സംസ്ഥാന സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
ബാര്‍ ലൈസന്‍സ് അനുവദിച്ചപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇത് റദ്ദാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
കേരള ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ഹോട്ടല്‍ ഗ്രാന്‍ഡ് റസിഡന്‍സി, ഹോട്ടല്‍ റിവര്‍ റിട്രീറ്റ്, ഹോട്ടല്‍ അമൃതാ റസിഡന്‍സി, ഹോട്ടല്‍ എയര്‍ ലിങ്ക് കാസില്‍ തുടങ്ങിയവരുടേത് അടക്കം ഏഴോളം ഹരജികളാണ് സുപ്രീം കോടതി മുമ്പാകെയുള്ളത്. ബാര്‍ ഉടമകള്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ ഫാലി എസ് നരിമാന്‍, രാം ജഠ്മലാനി, ദുഷ്യന്ത് ദാവെ, അരയാമ സുന്ദരം തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരാണ് ഹാജരാകുന്നത്.