തലപ്പുഴയെ ഞെട്ടിച്ച് വൃദ്ധ ദമ്പതികളുടെ മരണം

Posted on: September 10, 2014 9:44 am | Last updated: September 10, 2014 at 9:44 am
SHARE

death 2തലപ്പുഴ: പുതിയിടത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയും ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം നാടിനെ ഞെട്ടിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പ് വരെ നാട്ടുകാരോട് കുശലം പറയുകയും സംസാരിക്കുകയും ചെയ്ത ദമ്പതികളുടെ പെട്ടെന്നുള്ള മരണം നാട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല. കേട്ടവര്‍ കേട്ടവര്‍ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചിറക്കര പാരിസണ്‍ എസ്റ്റേറ്റിലെ ജീവനക്കാരിയും ഭര്‍ത്താവും മരണപ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. തിങ്കളാഴ്ച ഉച്ചക്ക് പോലും തലപ്പുഴ ടൗണില്‍ നിന്ന് ആളുകളോട് സംസാരിക്കുകയും കുശലങ്ങള്‍ പറഞ്ഞ് പിരിഞ്ഞുപോയ സഹപ്രവര്‍ത്തകയുടെ മരണം ഏറെ ഞെട്ടലാണുണ്ടാക്കിയത്. മൃതദേഹം കണ്ട് കണ്ണീരടക്കാന്‍ പല സ്ത്രീകള്‍ക്കും കഴിഞ്ഞില്ല. രണ്ടുമക്കളടങ്ങുന്ന കുടുംബം ചിറക്കര പാടിയില്‍ നിന്നും മറ്റൊരു പുതിയ വീടെടുത്ത് താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ദമ്പതികള്‍ മരണപ്പെട്ടത്.
ദമ്പതികള്‍ തമ്മിലുള്ള വഴക്കാണ് ഭാര്യയെ കൊല്ലുന്നതിനും തൂങ്ങി മരണത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം പലതവണ നാട്ടുമധ്യസ്ഥന്‍മാര്‍ മുഖേന പറഞ്ഞു തീര്‍ക്കുകയും അടുപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവര്‍ തമ്മിലുള്ള വാക്കേറ്റവും പിണക്കവും പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തലപ്പുഴ പുതിയിടത്ത് തുഞ്ചത്തൂര്‍ ശ്രീനിവാസന്‍ (55), ഭാര്യ വസന്ത (50) എന്നിവരാണ് മരണപ്പെട്ടത്.
വികലാംഗനായ ഭര്‍ത്താവ് ഒരിക്കലും ഭാര്യയെ കൊല്ലുമെന്ന് നാട്ടുകാര്‍ സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ല.എന്നാല്‍ ഭര്‍ത്താവിന്റെ കൊടുംക്രൂരത നാടിനെയും നാട്ടുകാരെയും ദുഖത്തിലാക്കി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആസ്പത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വസന്തയുടെ മൃതദേഹം കുറ്റിയാടി പാലേരിയിലെ വീ്ട്ടുവളപ്പിലും ശ്രീനിവാസന്റെ മൃതദേഹം തലപ്പുഴ പുതിയിടത്തും സംസ്‌കരിച്ചു. വയനാട് അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, മാനന്തവാടി സി.ഐ വിനോദ്കുമാര്‍, തലപ്പുഴ എസ്.ഐ പത്മനാഭന്‍, ഫോറന്‍സിക് വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.