Connect with us

Malappuram

തുടര്‍ ചികിത്സയില്ല; ആദിവാസി വൃദ്ധ വീടിനുള്ളില്‍ അവശനിലയില്‍

Published

|

Last Updated

കാളികാവ്: ശരീരം നുറുങ്ങുന്ന വേദനയില്‍ കിടക്കപ്പായയില്‍ ഒന്നെണീക്കാനാവാതെ തളര്‍ന്നനിലയില്‍ ജീവിതം തള്ളി നീക്കുകയാണ് ചോക്കാട് ആറ്‌സെന്റ് പാമ്പീര്യം കോളനിയിലെ വെള്ളക എന്ന ആദിവാസി വൃദ്ധ.
നാല് മാസം മുമ്പുണ്ടായ വീഴ്ചയില്‍ തുടയുടെയും കൈയ്യിന്റേയും അസ്ഥി ഒടിഞ്ഞതോടെ നടക്കാന്‍ കഴിയാതായതോടെയാണ് കൂലിപ്പണിയെടുത്ത് ജീവിതം മുന്നോട്ട് നീക്കിയിരുന്ന വെള്ളകയുടെ ജീവിതം കോളനിയിലെ കൂരക്കുള്ളില്‍ ഒതുങ്ങിയത്. വീടിനകത്ത് വഴുതിവീണ ഇവരെ ഭര്‍ത്താവ് കറുപ്പന്‍ അന്ന് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സിച്ചിരുന്നു.
എന്നാല്‍ അജ്ഞതയില്‍ കഴിയുന്ന ആദിവാസികള്‍ക്ക് പിന്നീടുള്ള ചികിത്സ നടത്താനയില്ല. തുടര്‍ച്ച ചികിത്സയൊരുക്കാന്‍ ഒരു നടപടിയും പട്ടിക വര്‍ഗ വകുപ്പ് അധികൃതര്‍ കൈകൊണ്ടില്ല. വര്‍ഷങ്ങളായി നാല്‍പത് സെന്റിന് സമീപത്തെ കാട്ടിലെ അളയില്‍ കഴിഞ്ഞിരുന്ന ആദിവാസി പണിയര്‍ വിഭാഗത്തില്‍ വരുന്ന കറുപ്പനും വെള്ളകയും മകനുമടങ്ങുന്ന കുടുംബം അടുത്തിടെ മാത്രമാണ് കാടിറങ്ങി വന്നത്. ആശുപത്രിയില്‍ പോയി ചികിത്സ നടത്തിയൊന്നും ഇവര്‍ക്ക് പരിചയമില്ല. അത്‌കൊണ്ട് തന്നെ തുടര്‍ചികിത്സ നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞതുമില്ല. വെള്ളകയെ വാഹനത്തില്‍ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സാമ്പത്തിക ചുറ്റുപാടും ഇവര്‍ക്കില്ല. ഇതിന് പട്ടിക വര്‍ഗ വകുപ്പ് ഒരു സഹായവും ചെയ്തില്ല. ആദിവാസികളുടെ ചികിത്സക്ക് വേണ്ട നടപടി സ്വീകരിക്കേണ്ടത് പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള ഐ ടി ഡി പി യാണ്. എന്നാല്‍ ജില്ലക്കുവേണ്ടി നിലമ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസ് സംവിധാനം കാര്യക്ഷമമല്ല. ചോക്കാട് മേഖലയില്‍ ഐ ടി ഡി പി പ്രവര്‍ത്തനം ദുര്‍ബലമായ നിലയിലാണ്.