ചെറുപ്പക്കാര്‍ ക്ഷീര കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്നില്ല: മന്ത്രി മോഹനന്‍

Posted on: September 10, 2014 9:19 am | Last updated: September 10, 2014 at 9:19 am
SHARE

mohananകോഴിക്കോട്: ചെറുപ്പക്കാര്‍ ക്ഷീര കാര്‍ഷിക മേഖലകളിലേക്ക് കടന്നു വരുന്നില്ലെന്ന് കൃഷി മന്ത്രി കെ പി മോഹനന്‍. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബേങ്ക് സംഘടിപ്പിച്ച ഡോ. വര്‍ഗീസ് കുര്യന്‍ അനുസ്മരണവും മികച്ച ക്ഷീരോത്പാദക സഹകരണ സംഘത്തിനുള്ള അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പശുക്കളെ പോറ്റിവളര്‍ത്താനുള്ള ബുദ്ധിമുട്ടും, മറ്റ് തൊഴില്‍ മേഖലകളില്‍ ലഭിക്കുന്ന ഉയര്‍ന്ന വരുമാനവുമാണ് യുവാക്കളെ കാര്‍ഷിക മേഖലയില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നിട്ടും യുവതലമുറ ക്ഷീരമേഖലയിലേക്ക് ആകൃഷ്ടരാകുന്നില്ല. ഇതിന് പരിഹാരമായി കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലകള്‍ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം. സഹകരണ ബേങ്കുകളും മറ്റും ലോണുകള്‍ നല്‍കുന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും മന്ത്രി പറഞ്ഞു.
ക്ഷീര മേഖലയില്‍ അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിയാണ് ഡോ. വര്‍ഗീസ് കുര്യനെന്നും അദ്ദേഹം അനുസ്മരിച്ചു. ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ മലബാറിലെ മികച്ച ക്ഷീരോത്പാദക സഹകരണ സംഘത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ബേബി വര്‍ഗീസ് ഏറ്റുവാങ്ങി. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. ബേങ്ക് ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി ഡി എ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍, ഡയറക്ടര്‍മാരായ പി ദാമോദരന്‍, എ ശിവദാസന്‍, കോഴിക്കോട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബേങ്ക് പ്രസിഡന്റ് ടി പി ബാലകൃഷ്ണന്‍ നായര്‍, മില്‍മ മുന്‍ എം ഡി പി കെ അബ്ദുല്‍ അസീസ്, ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, ബേങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് പ്രസംഗിച്ചു.