അമേരിക്കന്‍ മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥാപിക്കുന്നു

Posted on: September 10, 2014 6:00 am | Last updated: September 10, 2014 at 9:13 am
SHARE

investigationപത്തനംതിട്ട: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ എ ഷെലോണ്‍ എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മാതൃകയില്‍ ഇന്ത്യയില്‍ അന്വേഷണ വിഭാഗം സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന് മുന്നോടിയായി, രാജ്യത്ത് ഇതിനകം സ്ഥാപിച്ച കേന്ദ്രീകൃത ഫോണ്‍, ഡാറ്റാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. എണ്ണൂറ് കോടി രുപയോളം മുതല്‍ മുടക്കി രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഉള്‍പ്പെടെയുള്ള ഏഴ് ഏജന്‍സികളെ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ഈ അന്വേഷണ ഏജന്‍സിയും കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും പൂര്‍ണ തോതില്‍ നിലവില്‍ വരുന്നതോടെ എവിടെ നിന്നും ആരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് സാധിക്കും.
നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടു പോകണമെങ്കില്‍ വാര്‍ത്താവിനിമയ നിയമങ്ങള്‍ ഇനിയും ഭേദഗതി ചെയ്യേണ്ടി വരും. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമമടക്കമുള്ളവ ഇതിനകം ഭേദഗതി ചെയ്തിട്ടുണ്ട്. ടെലിഫോണ്‍ കമ്പനികള്‍ക്കുള്ള ലൈസന്‍സ് വ്യവസ്ഥയിലും ഭേദഗതി വന്നിട്ടുണ്ട്. സ്വകാര്യ ടെലികോം കമ്പനികളുടെ സെര്‍വറുകളുടെ പ്രവര്‍ത്തനം നിരീക്ഷണ കേന്ദ്രത്തിന്റെ പരിധിയില്‍പ്പെടുത്താന്‍ കഴിയുമെന്നതാണ് പുതിയ നിയമ ഭേദഗതി കൊണ്ട് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതോടെ അന്വേഷണ വിഭാഗം ആവശ്യപ്പെടുന്നിടത്ത് എവിടെയും ട്രാഫിക് നല്‍കാന്‍ സ്വകാര്യ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതിനു പുറമെ സ്മാര്‍ട്ട് ഫോണ്‍ ട്രാക്കിംഗ് സംവിധാനം കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര വിവര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യ സുരക്ഷക്ക് മുന്‍ തൂക്കം നല്‍കുകയും ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് ഇപ്പോള്‍ വേഗം കൂട്ടിയിരിക്കുന്നത്.
സംശയമുള്ള ആരെയും നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇതിലൂടെയുള്ള നേട്ടം. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ, ഇ മെയില്‍, സ്വകാര്യ കമ്പ്യൂട്ടര്‍ എന്നിവയിലേക്കും ഉപഭോക്താവ് അറിയാതെ നുഴഞ്ഞുകയറാന്‍ കഴിയും. തേഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകളായ ഫ്രിംഗ്, നിംബസ് സ്‌കൈപ്, വാട്ട്‌സ് ആപ്, ആപ്പിള്‍ കോള്‍ തുടങ്ങിയവയുടെ സെര്‍വറുകള്‍ ബന്ധിപ്പിച്ചുള്ള ടെലിഫോണ്‍ സംഭാഷണങ്ങളും ഇനി ചോര്‍ത്താന്‍ കഴിയും. ഇത് എ ടി എസ് അടക്കമുള്ള ഭീകരവിരുദ്ധ ഏജന്‍സികള്‍ക്ക് അന്വേഷണത്തിന് കൂടുതല്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
2009ല്‍ പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഓഫീസിലെ നാനൂറിലേറെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചൈന ചോര്‍ത്തിയെടുത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യത്തെ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി പ്രധാനമന്ത്രിയും ഓഫീസിലെ ഉദ്യോഗസ്ഥരും ഇപ്പോള്‍ ഡി ആര്‍ ഡി ഒയുടെ സാങ്കേതിക വിദ്യയില്‍ ഭാരത് ഇലക്‌ട്രോണിക്‌സ് നിര്‍മിച്ച് പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ഫോണുകളാണ് ഉപയോഗിക്കുന്നത്. നിലവില്‍ രാജ്യത്ത് ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നുണ്ടെങ്കിലും സെക്കന്‍ഡില്‍ പത്ത് ഗിഗാ ബൈറ്റ് വിവരങ്ങള്‍ കൈമാറുന്ന ബ്രോഡ് ബാന്‍ഡുകളും മള്‍ട്ടിപ്പിള്‍ ഗേറ്റ് വേകളിലുമുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, എ ഷെലോണ്‍ ശ്യംഖലക്ക് ലോകത്ത് എവിടെയുമുള്ള ഇലക്‌ട്രോണിക് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നുള്ള പ്രത്യേകതയുണ്ട്.