പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തും

Posted on: September 10, 2014 12:58 am | Last updated: September 10, 2014 at 2:10 pm
SHARE

economic slow downതിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി കടുത്ത് ഓവര്‍ഡ്രാഫ്‌റ്റെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ വരുമാന വര്‍ധനവിന് കടുത്ത നടപടികളെടുക്കാന്‍ ധന വകുപ്പ് ഒരുങ്ങുന്നു. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശമെങ്കിലും ഇതുകൊണ്ട് മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ധന വകുപ്പിന്റെ നിലപാട്. പെട്രോളിനും ഡീസലിനും ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ആലോചന. അതേസമയം, വെള്ളിയാഴ്ച ഓവര്‍ഡ്രാഫ്‌റ്റെടുത്ത കാര്യം അതീവരഹസ്യമാക്കി വെച്ചിരുന്ന സര്‍ക്കാര്‍ ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചു. വേയ്‌സ് ആന്‍ഡ് മീന്‍സ് വായ്പയും ഓവര്‍ഡ്രാഫ്റ്റും തിരിച്ചടക്കുന്നതിനായി ബീവറേജസ് കോര്‍പറേഷനെ കൊണ്ട് സര്‍ക്കാര്‍ മുന്‍കൂര്‍ നികുതിയടപ്പിക്കുകയും ചെയ്തു. 330 കോടി രൂപ ആവശ്യപ്പെട്ടതില്‍ മുന്നൂറ് കോടി രൂപ ഇന്നലെ തന്നെ ബെവ്‌കോ നല്‍കി. ശേഷിക്കുന്ന മുപ്പത് കോടി ഇന്ന് കൈമാറും. ഇന്നു തന്നെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം.
ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ സാധാരണ ചെലവുകളും ഓണവുമായി ബന്ധപ്പെട്ട അധിക ചെലവുകളും സെപ്തംബര്‍ മാസം ആദ്യ ആഴ്ചയില്‍ തന്നെ ഒരുമിച്ച് നേരിടേണ്ടി വന്നതിനെ തുടര്‍ന്നുള്ള ഞെരുക്കമാണ് ഇപ്പോള്‍ പ്രകടമാകുന്നതെന്നാണ് ധന വകുപ്പിന്റെ വിശദീകരണം. എല്ലാ മാസവും പത്താം തീയതിക്ക് ശേഷമാണ് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം വന്നു തുടങ്ങുന്നത്. നാല് ദിവസത്തെ അവധിക്കു ശേഷം ഇന്ന് ട്രഷറി തുറക്കുമ്പോള്‍ നികുതി വരുമാനം വന്നുതുടങ്ങും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ മാസത്തെ ചെലവുകളുടെ ഭൂരിഭാഗവും ആദ്യത്തെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലാണ് ഉണ്ടാകുന്നത്. അതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും ധന വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിനാല്‍ ഇന്ധന വിലയില്‍ കുറവുണ്ടാകാനുള്ള സാഹചര്യത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നത് കാരണം ജനങ്ങളുടെ മേല്‍ അധിക ഭാരം വരില്ലെന്ന വാദമാണ് ധന വകുപ്പിന്. പെട്രോള്‍ വില കഴിഞ്ഞ മാസങ്ങളിലായി മൂന്ന് തവണ കുറച്ചിരുന്നു. 2013 ജനുവരിക്ക് ശേഷം എല്ലാ മാസവും ശരാശരി അമ്പത് പൈസ നിരക്കില്‍ ഡീസല്‍ വില വര്‍ധിപ്പിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ കുറക്കാനിടയുണ്ടെന്നാണ് വാര്‍ത്തകള്‍. ഈ അവസരം മുതലെടുത്താണ് ഒരു രൂപ സെസ് ഏര്‍പ്പെടുത്താനുള്ള ധന വകുപ്പ് നിര്‍ദേശം. മദ്യനിരോധം വഴിയുണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന പ്രചാരണം നടത്തിയാല്‍ ജനങ്ങളുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.
നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കാന്‍ ധന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വരുമാന വര്‍ധനവിനായി ധന വകുപ്പ് നേരത്തെ തന്നെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും സര്‍ക്കാറിന്റെ സജീവ പരിഗണനയിലുണ്ട്. വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് ആലോചന. പാട്ടത്തുകകള്‍ വര്‍ധിപ്പിക്കണമെന്ന് ഏറെ നാളായി ധന വകുപ്പ് ആവശ്യപ്പെടുന്നതാണ്. വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമാണ് മറ്റൊന്ന്. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ചെറിയൊരു വിഹിതം മാത്രമാണ് വെള്ളക്കരത്തിലൂടെ നിലവില്‍ ലഭിക്കുന്നത്.
അതേസമയം, ബാര്‍ പൂട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നതെങ്കിലും വസ്തുത ഇതൊന്നുമല്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അക്കൗണ്ടന്റ് ജനറല്‍ പുറത്തുവിട്ട ഏപ്രില്‍ മുതല്‍ ജൂലൈ മാസം വരെയുള്ള നികുതി വരുമാനത്തിന്റെ കണക്കില്‍ തന്നെ ഇത് വ്യക്തമാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ വില്‍പ്പന നികുതി പന്ത്രണ്ടര ശതമാനം ഉയര്‍ന്നിട്ടുണ്ട്. എക്‌സൈസ് നികുതി 6.6 ശതമാനം ഉയര്‍ന്നപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ എട്ട് ശതമാനത്തിന്റെ കുറവ് സംഭവിച്ചു. വാഹന നികുതി കേവലം 2.3 ശതമാനം മാത്രമാണ് ഉയര്‍ന്നത്. നികുതി വരുമാനത്തില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ധനവാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. വര്‍ധനവാകട്ടെ 9.7 ശതമാനവും. നികുതി പിരിച്ചെടുക്കുന്നതില്‍ വരുത്തിയ വീഴ്ചകളും അനാവശ്യമായി നല്‍കിയ സ്റ്റേ ഉത്തരവുകളുമാണ് പ്രതിസന്ധി കടുപ്പിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.