Connect with us

National

മുംബൈ സുന്നി സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

Published

|

Last Updated

മുംബൈ: “സാമൂഹിക ഇടപെടലുകളിലൂടെ ആദര്‍ശ മുന്നേറ്റം” എന്ന പ്രമേയത്തിന്‍ മുംബൈയില്‍ നടന്ന സുന്നി സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. മര്‍കസ് മുംബൈ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുംബൈയിലെ ഡോംഗ്രി കച്ചിമേമന്‍ ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം മുംബൈയിലെ പ്രമുഖ പണ്ഡിതന്‍ സയ്യിദ് അശ്‌റഫ് മുഈന്‍ മിയ ഉദ്ഘാടനം ചെയ്തു.
ഉത്തരേന്ത്യയില്‍ നടക്കുന്ന സുന്നി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ നടന്നു വരുന്ന സുന്നി സമ്മേളനങ്ങളുടെ ഭാഗമായാണ് മുംബൈ സമ്മേളനം സംഘടിപ്പിച്ചത്. മര്‍കസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കും ആളുകളിലേക്കും എത്തിക്കുക എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ ലക്ഷ്യം . വിവിധ സുന്നി സംഘടനകളുമായി സഹകരിച്ച്, മുംബൈയില്‍ നിരവധി പദ്ധതികള്‍ സമ്മേളനത്തില്‍ ആവിഷ്‌കരിച്ചു. ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ മഹാരാഷ്ട്രാ പ്രചരണോദ്ഘാടനവും സമ്മേളന വേദിയില്‍ നടന്നു. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദ്, മധ്യപ്രദേശിലെ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ദേശീയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
റസാ അക്കാദമി ചെയര്‍മാന്‍ മൗലാനാ മുഹമ്മദ് സഈദി നൂരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശാഫി ഹാജി മുംബൈ, ഇസ്മാഈല്‍ അംജദി, അബ്ദുല്ല സഖാഫി, അബ്ദുസ്സലാം നൂറാനി, സുഹൈല്‍ നൂറാനി, ശരീഫ് നിസാമി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വൈകീട്ട് നാലിന് മുംബൈ മര്‍കസ് ഓഫീസില്‍ നടന്ന ബദ്ര്‍- മൗലിദ് വാര്‍ഷികാഘോഷത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. മഗ്‌രിബിന് ശേഷം ഡോംഗ്രി കച്ചിമേമന്‍ ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതു സമ്മേളനത്തില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുന്നി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സമ്മേളനത്തിന് ലണ്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ മുംബൈ മര്‍കസ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു.