Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസിന് 679 അംഗ സംഘം

Published

|

Last Updated

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ 679 പേര്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിര്‍ദേശിച്ച 942 സ്‌ക്വാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് നിര്‍ദേശപ്രകാരമാണ് വെട്ടിക്കുറച്ചത്.
516 അത്‌ലറ്റുകളും പരിശീലകരും സഹപരിശീലകരുമായി 163 പേരുമടങ്ങുന്നതാണ് ഇന്ത്യന്‍ സ്‌ക്വാഡ്. നേരത്തെ 662 അത്‌ലറ്റുകളും 280 ഒഫിഷ്യലുകളും അടങ്ങുന്ന സ്‌ക്വാഡിനെയാണ് ഐ ഒ എ തയ്യാറാക്കിയത്. ഇഞ്ചിയോണില്‍ ഇരുപത്തെട്ടിനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.
2010 ഗെയിംസില്‍ 35 ഇനങ്ങളില്‍ മത്സരിച്ച സ്ഥാനത്താണ് ഏഴിനങ്ങളില്‍ കുറവ് സംഭവിച്ചത്. ആ നിലക്ക് അനാവശ്യമായി വലിയ സ്‌ക്വാഡിനെ അയച്ച് സര്‍ക്കാറിന്റെ ചെലവ് ഭാരം വര്‍ധിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുകയായിരുന്നു.
2010 ഗെയിംസിന് ഇന്ത്യ അയച്ചത് 933 പേരടങ്ങുന്ന സംഘത്തെയാണ്. 609 അത്‌ലറ്റുകളും 324 ഒഫിഷ്യലുകളും. എന്നാല്‍, ഇത്തവണ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.
നീന്തല്‍, ആര്‍ചറി, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിംഗ്, കനോയിംഗ് & കയാക്കിംഗ്, സൈക്ലിംഗ്, അശ്വാഭ്യാസം, ഫുട്‌ബോള്‍, ഗോള്‍ഫ്, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍, ഹോക്കി, ജുഡോ, കബഡി, റോവിംഗ്, സെപക് താക്രോ, ഷൂട്ടിംഗ്, സ്‌ക്വാഷ്, തെയ്ക്വാന്‍ഡോ, ടേബിള്‍ ടെന്നീസ്, ടെന്നീസ്, വോളിബോള്‍, ഗുസ്തി, വുഷു, വെയ്റ്റ്‌ലിഫ്റ്റിംഗ്, യാച്ചിംഗ് ഇനങ്ങളില്‍ മത്സരിക്കാനാണ് കായികമന്ത്രാലയം അനുമതി നല്‍കിയത്.