മനോജ് വധം: സി പി എം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

Posted on: September 10, 2014 12:26 am | Last updated: September 10, 2014 at 12:26 am
SHARE

തലശ്ശേരി: ആര്‍ എസ് എസ് നേതാവ് കിഴക്കേ കതിരൂരിലെ എളന്തോട്ടത്തില്‍ മനോജ് വധക്കേസ് അന്വേഷണ ഭാഗമായി കൊല നടന്ന പ്രദേശത്തിനടുത്ത സി പി എം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നോട്ടീസയച്ചു.
രണ്ട് ഏരിയാ കമ്മിറ്റികളിലായി പ്രവര്‍ത്തിക്കുന്ന നാല് ബ്രാഞ്ചുകളിലെ സെക്രട്ടറിമാരോട് ഇന്ന് മുതല്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാനാണ് നിര്‍ദേശം. ഉക്കാസ്‌മൊട്ട, കിഴക്കേ കതിരൂര്‍, കതിരൂര്‍ വെസ്റ്റ്, ഡയമണ്ട് മുക്ക് ബ്രാഞ്ച് സെക്രട്ടറിമാരായ സജിത്, സുനില്‍, ബിജു, സുനില്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നാല് പേരും സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഇവരുടെ വീടുകളില്‍ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കിയതായാണ് സൂചന.
കൊലപാതകം നടന്നതിന് പിറകെ സി പി എമ്മിന്റെ പ്രധാന പ്രവര്‍ത്തകരെല്ലാം നാട്ടില്‍ നിന്ന് മുങ്ങിയതായാണ് പോലീസിന് ലഭിച്ച വിവരം. കൂത്തുപറമ്പ്, തലശ്ശേരി ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലാണ് നാല് ബ്രാഞ്ചുകളും പ്രവര്‍ത്തിക്കുന്നത്. സെപ്തംബര്‍ ഒന്നിനാണ് ആര്‍ എസ് എസ് നേതാവ് കൊല്ലപ്പെടുന്നത്. കൊല നടന്ന് പത്ത് ദിവസം തികയുമ്പോഴും ഒരു പ്രതിയെ പോലും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്രാഞ്ച് സെക്രട്ടറിമാരെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിതമാകുന്നത്.