നടുങ്ങുന്ന ഓര്‍മകളുമായി അവര്‍ തിരിച്ചെത്തി

Posted on: September 10, 2014 12:25 am | Last updated: September 10, 2014 at 12:25 am
SHARE

മലപ്പുറം: ശ്രീനഗറിലെ പ്രളയത്തില്‍ കുടുങ്ങിയ മലപ്പുറം സ്വദേശികളായ 28 അംഗ സംഘം സുരക്ഷിതമായി തിരിച്ചെത്തി. തിരൂര്‍, താനൂര്‍ വളാഞ്ചേരി, വണ്ടൂര്‍, ചെമ്മാട് എന്നിവിടങ്ങളില്‍ നിന്നുള്ള ബിസിനസ്സുകാരടങ്ങിയ സംഘമാണ് പ്രളയത്തെത്തുടര്‍ന്ന് ശ്രീനറില്‍ കുടുങ്ങിയത്. നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയെങ്കിലും നടുങ്ങുന്ന നിമിഷങ്ങള്‍ അവര്‍ക്ക് മറക്കാനാകുന്നില്ല. തിരൂര്‍ സ്വദേശിയായ ബിസിനസ്സുകാരന്‍ മസ്തൂസ് ഭയവും ആശങ്കയും തിങ്ങിയ മൂന്ന് ദിവസങ്ങളെക്കുറിച്ച് വിവരിക്കുന്നു. ‘വെള്ളിയാഴ്ചയാണ് അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തിയത്. ശ്രീനഗറിലെത്തിയപ്പോള്‍ വലിയ മഴയുണ്ടായിരുന്നില്ല. ഉയര്‍ന്ന പ്രദേശമായതിനാല്‍ വെള്ളം കയറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ അവിടത്തെ ഹോട്ടലില്‍ താമസിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച രാവിലെ കണ്ടത് ഒന്നാം നിലവരെ വെള്ളം കയറിയതാണ്. പ്രദേശം വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു. ശ്രീനഗറിലെ പ്രളയബാധിത പ്രദേശത്ത് നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കുടുംബത്തിന്റെ വാക്കുകളില്‍ ഇപ്പോഴും ഭയത്തിന്റെ വെള്ളപ്പൊക്കം. ശനിയാഴ്ച ചുറ്റും വെള്ളം പൊങ്ങിയെങ്കിലും തൊട്ടടുത്തുള്ള ദേശീയ പാതയില്‍ വെള്ളം കയറിയിരുന്നില്ല. പക്ഷേ, അവിടേക്ക് എത്താന്‍ പറ്റുമായിരുന്നില്ല. ഞായറാഴ്ച രാവിലെ ആയപ്പോഴേക്കും രണ്ടാംനില വരെ വെള്ളമെത്തി. അതോടെ വൈദ്യുതി മുടങ്ങി. ഭക്ഷണവും ലഭ്യമായില്ല. ജലനിരപ്പ് വീണ്ടും ഉയരുകയായിരുന്നു. ഞങ്ങള്‍ വല്ലാതെ ഭയന്നു.
തുടര്‍ന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ തീരുമാനിച്ചു. ദേശീയ പാതയിലേക്ക് കയറാനായാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് മനസ്സിലാക്കി. ഇതിനായി പിന്നീട് ഞങ്ങളുടെ ശ്രമം. ഹോട്ടലിലുണ്ടായിരുന്ന പ്‌ളൈവുഡ് ബോര്‍ഡുകളും ഇരുമ്പുകഷ്ണങ്ങളും കയറും കൂട്ടിക്കെട്ടി ഒരു താത്കാലിക പാലം ഞങ്ങളുണ്ടാക്കി. കെട്ടിടത്തില്‍ നിന്നും ദേശീയ പാതയിലേക്ക് അത് ബന്ധിപ്പിച്ചു. ആദ്യം സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തി. പിന്നീട് ഞങ്ങളും രക്ഷപ്പെട്ടു’. മസ്തൂസ് പറഞ്ഞു.
ബസ് മാര്‍ഗമാണ് അവിടെ നിന്ന് പുറപ്പെട്ടത്. പട്ടാള വാഹനം അകമ്പടിയുണ്ടായിരുന്നു. വെളളം നിറഞ്ഞ റോഡിലൂടെ ബസിന് സഞ്ചരിക്കാനാകാതെ വന്നപ്പോള്‍ യാത്ര പട്ടാള വാഹനത്തിലായി. സര്‍ക്കാറുകളുടെ യാതൊരു സഹായവും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും പട്ടാളം മാത്രമാണ് രക്ഷക്കുണ്ടായിരുന്നതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് സ്ത്രീകളെയും കുട്ടികളെയും ശ്രീനഗറില്‍ നിന്ന് മുംബൈ വഴി കേരളത്തിലേക്ക് വിമാനത്തിലയച്ചു. പുരുഷന്‍മാര്‍ മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണെത്തിയത്.