ജെറിന്റെ വിളിക്കായി കാതോര്‍ത്ത് കുടുംബം

Posted on: September 10, 2014 12:24 am | Last updated: September 10, 2014 at 12:24 am
SHARE

കോട്ടയം: കാശ്മീരിലെ പ്രളയബാധിത മേഖലയില്‍ കുടുങ്ങിയ മകന്റെ വിളി കേള്‍ക്കാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് വേളൂര്‍ വെട്ടിക്കോട്ട് ഇലഞ്ഞിത്തറ വീട്ടില്‍ ഫിലിപ്പും കുടുംബവും. കാശ്മീരിലെ ഗുല്‍മാര്‍ഗ് സിറ്റിയിലെ ഖൈബര്‍ ഹോട്ടലിലെ ജീവനക്കാരനായ ജെറിന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അവസാനമായി പിതാവ് ഫിലിപ്പുമായി ഫോണില്‍ ബന്ധപ്പെട്ടത്. അടുത്ത ദിവസം ഹോട്ടലിലെത്തിയ ടൂറിസ്റ്റുകള്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും അകപ്പെട്ടിരുന്നു. പ്രളയ മേഖലകളില്‍ വാഹന ഗതാഗതം താറുമാറായതോടെ ഇവരെ രക്ഷപ്പെടുത്താന്‍ ഹോട്ടലിലെ ഡ്രൈവര്‍മാര്‍ മടിച്ചതോടെ ജെറിന്‍ സാഹസിക ഡ്രൈവിംഗിന് ജീവന്‍ പണയപ്പെടുത്തി മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യ സംഘത്തെ രക്ഷപ്പെടുത്തി ഹോട്ടലിലെത്തിച്ചശേഷം അടുത്ത സംഘത്തെ കൊണ്ടുവരാന്‍ പോകുന്നതിനിടെയായിരുന്നു ജെറിന്‍ അവസാനമായി ഫോണില്‍ വിളിച്ചതെന്ന് ഫിലിപ്പ് പറയുന്നു. മഞ്ഞുരുകി മാറിയതോടെ കനത്ത മഴയില്‍ മണ്ണ് ഇടിയാന്‍ തുടങ്ങിയ കാഴ്ചയാണ് മുന്നിലെന്നും ജെറിന്‍ പറഞ്ഞതായി ഫിലിപ്പ് സൂചിപ്പിച്ചു.
പിന്നീട് ജെറിനുമായി ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ സാധിച്ചിട്ടില്ല. ഹോട്ടല്‍ അധികൃതരുമായും ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മകനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം. ആന്‍സിയാണ് ജെറിന്റെ ഭാര്യ. ഒരുമാസം മുന്‍പ് ആന്‍സിയുടെ പ്രസവത്തിന് നാല് ദിവസത്തെ അവധിക്ക് ജെറിന്‍ നാട്ടിലെത്തിയിരുന്നു. 27ന് കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ജെറിന്‍ ദുരന്തത്തില്‍ അകപ്പെട്ടത്.