ഡല്‍ഹിയില്‍ സര്‍ക്കാര്‍: സുപ്രീം കോടതിയുടെ അന്ത്യശാസനം

Posted on: September 10, 2014 12:22 am | Last updated: September 10, 2014 at 12:22 am
SHARE

supreme courtന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ ഒക്‌ടോബര്‍ പത്തിനകം അന്തിമ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ സര്‍ക്കാര്‍ രൂപവത്കരണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല. അത് മോശമായ പ്രവണതകള്‍ക്ക് വഴിവെക്കും. ഇക്കാര്യത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍, രാഷ്ട്രപതിക്ക് അയച്ച കത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ കാഴ്ചപ്പാട് സുപ്രീം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നിര്‍ദേശിച്ചു. ഡല്‍ഹി നിയമസഭ പിരിച്ചു വിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബഞ്ച്.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായി എ എ പി. എം എല്‍ എയെ ബി ജെ പി ഉപാധ്യക്ഷന്‍ ഷേര്‍ സിംഗ് ദാഗര്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഈ വീഡിയോ തെളിവായി സ്വീകരിക്കണമെന്ന് എ എ പിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ഫാലി എസ് നരിമാനും ആവശ്യപ്പെട്ടെങ്കിലും അവ പരിശോധിക്കാന്‍ കോടതി തയ്യാറായില്ല. ഇത് ആവശ്യമെങ്കില്‍ കേസ് അടുത്ത ദിവസം പരിഗണിക്കുമ്പോള്‍ ആകാമെന്ന് ബഞ്ച് വ്യക്തമാക്കി.
ഗവര്‍ണറുടെ കത്തിന്‍മേല്‍ രാഷ്ട്രപതി എന്നാകും തീരുമാനമെടുക്കുകയെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹയോട് ബഞ്ച് ആരാഞ്ഞു. മന്ത്രിസഭ രൂപവത്കരിക്കുന്നതിനുള്ള സാധ്യത ആരായുന്നതിന് അനുമതി ചോദിച്ച് ഈ മാസം നാലിനാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് രാഷ്ട്രപതിക്ക് കത്തയച്ചത്. നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുന്നതിന് കത്തില്‍ അദ്ദേഹം അനുമതി ചോദിച്ചിരുന്നു. ഈ ഘട്ടത്തിലാണ് കുതിരക്കച്ചവട ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നത്. എന്നാല്‍ അന്തിമ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണറുടെതും രാഷ്ട്രപതിയുടെതും ആയിരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള രാഷ്ട്രീയ പ്രക്രിയ തുടങ്ങിയിട്ടുണ്ടെന്നും നാലാഴ്ച സമയമാണ് അനുവദിച്ചതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ഡല്‍ഹി നിയമസഭ പിരിച്ചുവിടണമോ പുതിയ സര്‍ക്കാര്‍ രൂപവത്കതകരിക്കണമോ എന്ന കാര്യത്തില്‍ അഞ്ച് ആഴ്ചക്കകം തീരുമാനമെടുക്കണമെന്നായിരുന്നു ആഗസ്റ്റ് അഞ്ചിന് സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സഭയില്‍ ഹാജരാകാന്‍ അവസരമില്ലാതെ വെറുതെ ഇരിക്കുന്ന എം എല്‍ എമാര്‍ക്ക് നികുതിപ്പണമെടുത്ത് അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതെന്തിനെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു. എന്നാല്‍, നിയമസഭ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കണമെന്ന എ എ പിയുടെ ആവശ്യം അനുവദിക്കാന്‍ പരമോന്നത കോടതി തയ്യാറായില്ല.
70 അംഗ സഭയില്‍ സഖ്യകക്ഷിയായ അകാലി ദളിന്റെ ഒരു എം എല്‍ എ അടക്കം 32 സീറ്റുകളാണ് ബി ജെ പി സഖ്യത്തിന് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് കുറവ്. സര്‍ക്കാറുണ്ടാക്കാനില്ലെന്ന നിലപാടിലായിരുന്നു ആദ്യ ഘട്ടത്തില്‍ ബി ജെ പി. കന്നിയങ്കത്തില്‍ തന്നെ 28 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടി എട്ട് കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചു.
എന്നാല്‍ കോണ്‍ഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിപദം വിട്ടിറങ്ങി. ഫെബ്രുവരി 17ന് പ്രഖ്യാപിച്ച രാഷ്ട്രപതി ഭരണത്തിനൊടുവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപവത്കരണം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സര്‍ക്കാര്‍ രൂപവത്കരിച്ച് രഹസ്യ ബാലറ്റിലൂടെ ഭൂരിപക്ഷം തെളിയിക്കാനാണ് ബി ജെ പിയുടെ പരിപാടി.