Connect with us

National

ബി ജെ പിയെ തടയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കും: എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി: തെറ്റായ മാര്‍ഗങ്ങളിലൂടെയാണ് ബി ജെ പി ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് തടയാന്‍ കോണ്‍ഗ്രസുമായും ജനതാദള്‍ യുനൈറ്റഡുമായും ബന്ധപ്പെടുമെന്നും ആം ആദ്മി പാര്‍ട്ടി. ജനാധിപത്യവിരുദ്ധമായ ഈ നടപടിക്കെതിരെ ബി ജെ പിയിലെ തന്നെ സത്യസന്ധരായ എം എല്‍ എമാരുടെ പിന്തുണ തേടുമെന്നും ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
15 എം എല്‍ എമാരെ വിലക്ക് വാങ്ങാന്‍ ബി ജെ പി ശ്രമിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വീഡിയോകള്‍ പുറത്തു വിടും. സമാനമനസ്‌കരായ മുഴുവന്‍ പേരുടെയും പിന്തുണ തേടും. മുണ്ട്കയില്‍ നിന്നുള്ള സ്വതന്ത്ര എം എല്‍ എ രാംബീര്‍ ഷോക്കീനുമായും ജെ ഡി യു. എം എല്‍ എ ശുഐബ് ഇഖ്ബാലുമായും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിനോദ് കുമാര്‍ ബിന്നിയുമായും സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എമാരെയും ബന്ധപ്പെടും. ബി ജെ പിയിലെ സത്യസന്ധരായ അംഗങ്ങളെയും കാണുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഇതിനര്‍ഥം തങ്ങള്‍ സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നല്ല. സത്യസന്ധമല്ലാത്ത വഴിയിലൂടെ ബി ജെ പി അധികാരത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യം. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിനെയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Latest