Connect with us

Eranakulam

കാശ്മീരില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും : ആഭ്യന്തര മന്ത്രി

Published

|

Last Updated

നെടുമ്പാശ്ശേരി: പ്രളയ ബാധിത പ്രദേശമായ കാശ്മീരില്‍ അകപ്പെട്ട മലയാളികള്‍ സുരക്ഷിതരാണെന്നും ഇനിയും അറിയാതെ ആരെങ്കിലും കുടുങ്ങികിടക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുവാന്‍ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജമ്മു-കാശ്മീര്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് പോകുന്നതിന് ഇന്നലെ വൈകീട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കാശ്മീരികളുടെ ബന്ധുക്കളെക്കുറിച്ചുള്ള ആശങ്ക സംസ്ഥാനസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇവരുടെ ആശങ്ക അകറ്റുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇവരെക്കൂടാതെ ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി ജമ്മുകാശ്മീരില്‍ സ്ഥിരതാമസമാക്കിയ മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
ഇന്നലെ വൈകീട്ടോടെ ജമ്മുകാശ്മീരില്‍ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ ആയിട്ടുണ്ട്. ഇതു മൂലമാണ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് മലയാളികളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. ജമ്മുകാശ്മീരില്‍ പോയിട്ടുള്ളവരുടെ വിശദവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ താമസ്സിച്ചിട്ടുള്ള ഹോട്ടലുകളും കണ്ടെത്തുവാനും കഴിഞ്ഞിട്ടുണ്ട്.
ഇതിനായി ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പ്രളയക്കെടുതി പ്രദേശങ്ങളില്‍ കുടുങ്ങിട്ടുള്ള മലയാളികള്‍ക്ക് ഭക്ഷണം യഥാസമയം എത്തിക്കുന്നതിനും ഇവരെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഡല്‍ഹി വഴി കേരളത്തില്‍ എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരെ നാട്ടില്‍ എത്തിക്കുന്നതിന് 80 സീറ്റുകളുള്ള വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സീറ്റുകളുള്ള വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മലയാളികളെ രക്ഷപ്പെടുത്തി നാട്ടില്‍ എത്തിക്കുന്നതിന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ സഹായ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിനും ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ജമ്മുകാശ്മീരില്‍ കുടുങ്ങിയ മലയാളികളുടെ വിശദവിവരങ്ങള്‍ ലഭിക്കുന്നതിനായി തിരുവനന്തപുരത്തും ഡല്‍ഹിയിലെ കേരള ഹൗസിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ ഡല്‍ഹിയില്‍ എത്തുന്ന മലയാളികള്‍ക്ക് തങ്ങുന്നതിനായി കേരള ഹൗസിലും മഹാരാഷ്ട്ര ഹൗസിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മിലിട്ടറി സംഘങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തി വരുന്നുണ്ടെന്നും മഴയുടെ കാഠിന്യം കുറഞ്ഞതുമൂലം രക്ഷാ പ്രവര്‍ത്തനം വേഗത്തില്‍ നടത്തുവാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Latest