Connect with us

Eranakulam

പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

Published

|

Last Updated

കൊച്ചി: പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്ക് 13ന് നടക്കുന്ന തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ നിലവിലെ ഭരണസമിതിയുടെ തുടര്‍ച്ചയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവര്‍ സഹകാരികള്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍പോലും അവസരം നിഷേധിച്ച് പോലീസ് അസോസിയേഷനിലെ ഒരുവിഭാഗം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവെന്നാരോപിച്ചാണ് നീക്കം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്നു വ്യക്തമാക്കി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച 14 പേരും നോട്ടീസ് നല്‍കിയിട്ടുണ്ട്. പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്ക് ശനിയാഴ്ച തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സംഘത്തിന്റെ കടവന്ത്രയിലെ ഓഫീസ് ചൊവ്വാഴ്ച അടച്ചിട്ട്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റാന്‍ അവസരം നിഷേധിച്ചതായാണ് ആരോപണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓഫീസ് അടച്ചിട്ടതെന്നും ഇതോടെ ഓണം ഡ്യൂട്ടി കഴിഞ്ഞ് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് കാര്‍ഡ് വാങ്ങാനെത്തിയവര്‍ക്ക് വെറുംകൈയോടെ മടങ്ങേണ്ടിവന്നതായും ആരോപിക്കുന്നു.

ഭരണാനുകൂലികളുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് അസോസിയേഷന്‍ ഇഷ്ടക്കാര്‍ക്ക് സ്ഥലത്തെത്താതെത്തന്നെ കാര്‍ഡ് നല്‍കുകയും പലരുടെയും പേര് ചട്ടവിരുദ്ധമായി വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റുകയും ചെയ്തിരുന്നു. മുഴുവന്‍ പേരും കാര്‍ഡ് റദ്ദാക്കി പുതിയ കാര്‍ഡ് എടുക്കണമെന്ന് നിര്‍ദേശം നല്‍കിയാണ് അട്ടിമറിക്ക് കളമൊരുക്കിയത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഐ ജി മനോജ് എബ്രഹാം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സഹകരണസംഘം അതു റദ്ദാക്കി സര്‍ക്കാര്‍ ഒത്താശയോടെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘം പിടിച്ചെടുക്കാന്‍ വഴിവിട്ട മാര്‍ഗങ്ങളുമായി സര്‍ക്കാര്‍ അനുകൂല അസോസിയേഷന്‍ നേതാക്കള്‍ രംഗത്തുവന്നത്. പോലീസുകാര്‍ മാത്രം അംഗങ്ങളായ സംഘത്തില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പരാജയം ഉറപ്പാണെന്ന് തിരിച്ചറിഞ്ഞാണ് അസോസിയേഷന്‍ നേതാക്കള്‍ സര്‍ക്കാര്‍ ഒത്താശയോടെ അട്ടിമറി നീക്കം ശക്തമാക്കിയതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ഇതിനായി കോഴിക്കോടു നിന്നു മത്സരിക്കുന്ന അസോസിയേഷന്‍ നേതാവിനെ കൊച്ചിയിലെ സംഘം ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നതായും ഇയാളുടെ നേതൃത്വത്തിലാണ് വോട്ടര്‍ പട്ടിക തയ്യാറാക്കലും കാര്‍ഡ് വിതരണവും നടക്കുന്നതെന്നും ഇവര്‍ പറയുന്നു.

Latest