കല്‍ക്കരി കേസ്: ബി ഐ ഡയറക്ടര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു

Posted on: September 10, 2014 12:14 am | Last updated: September 10, 2014 at 12:14 am
SHARE

supreme courtന്യൂഡല്‍ഹി: 2ജി കേസില്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, കല്‍ക്കരി കേസിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ സംബന്ധിച്ചും വിശദീകരണം നല്‍കാന്‍ നോട്ടീസ് അയച്ചു. സിന്‍ഹക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹത്തെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. എന്നാല്‍, അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ബഞ്ച് വ്യക്തമാക്കി. നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.
കല്‍ക്കരി പാടം കേസിലെ പ്രതികള്‍ സി ബി ഐ ഡയറക്ടറെ ഒട്ടേറെ തവണ കണ്ടുവെന്നും അവര്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും ചൂണ്ടിക്കാട്ടി കോമണ്‍ കോസ് എന്ന സംഘടനയാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. 2ജി കേസിന്റെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥരും കല്‍ക്കരി കേസുമായി ബന്ധമുള്ള ഉന്നത വ്യക്തികളും രഞ്ജിത് സിന്‍ഹയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്ന് കണ്ടുവെന്ന് തെളിയിക്കുന്നതിന് സന്ദര്‍ശക ഡയറിയുടെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കോമണ്‍ കോസിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശരിയായ വിചാരണ നടക്കണമെങ്കില്‍ ഈ ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുവരണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.