Connect with us

Gulf

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അബൂദബി പോലീസ് ഗൈഡ് പുറത്തിറക്കി

Published

|

Last Updated

അബുദാബി: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ബോധവത്കരണം നല്‍കുന്നതിന് അബൂദബി മൂന്ന് തരത്തിലുള്ള പോലീസ് സന്ദര്‍ശക ഗൈഡ് പുറത്തിറക്കി. യു എ ഇയുടെ നിയമങ്ങളും വ്യവസ്ഥകളും ചെറിയ രൂപത്തില്‍ പരിചയപ്പെടുത്തുന്ന ഗൈഡില്‍ യു എ ഇയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍, വിനോദസഞ്ചാര മേഖലകള്‍, പ്രധാന ആശുപത്രികള്‍, നമ്പറുകള്‍, ഷോപ്പിംഗ് മാളുകള്‍, സംസ്‌കാരിക സംഘടനകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തുന്നുണ്ട്. പ്രധാന ഗൈഡിന്റെ ഒരു ഭാഗം ഇംഗ്ലീഷിലും മറുഭാഗം അറബിയിലുമാണ് തയ്യാറാക്കിയിട്ടുള്ളത്.
നഗരത്തിലെത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി അബൂദബി ടൂറിസ്റ്റ് പോലീസും രണ്ട് ഗൈഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. പന്ത്രണ്ട് രാജ്യങ്ങളുടെ പ്രാദേശിക ഭാഷയിലാണ് ടൂറിസം പോലീസിന്റെ ഗൈഡ്. നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ പാലിക്കേണ്ടുന്ന നിയമങ്ങളാണ് ടൂറിസം പോലീസിന്റെ ഗൈഡിലുള്ളത്. നഗരത്തിലെത്തുന്നവര്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് സഭ്യേതരമല്ലാത്ത രീതിയില്‍ പെരുമാറുന്നത് കടുത്ത ശിക്ഷാര്‍ഹമാണ്. ശരീരം പൂര്‍ണമായും മറയാത്ത രീതിയിലുള്ള വസ്ത്രങ്ങളും ഒഴിവാക്കേണ്ടതാണ്. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് മദ്യപിക്കുന്നത് കടുത്ത ശിക്ഷാര്‍ഹമാണ്. മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷക്ക് വിധേയമാകേണ്ടിവരും. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എ ടി എം മെഷീനുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ പണം കൈയില്‍ കരുതുന്നത് ഒഴിവാക്കണമെന്ന് ഗൈഡില്‍ പോലീസ് വ്യക്തമാക്കുന്നു. നിയന്ത്രണമേര്‍പ്പെടുത്തിയ ഏരിയകളില്‍ ഫോട്ടോ എടുക്കുന്നതും കടുത്ത ശിക്ഷാര്‍ഹമാണ്.
സന്ദര്‍ശകര്‍ക്ക് പോലീസിനെ ആവശ്യം വന്നാല്‍ അടിയന്തിര നമ്പറായ 999 ടോള്‍ഫ്രീ നമ്പറായ 8002626 എന്നീ നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.

Latest