Connect with us

Malappuram

എസ് വൈ എസ് സംഘകൃഷി: തരിശ് ഭൂമിയില്‍ നെല്ലുത്പാദിപ്പിച്ച് സമ്മേളന പ്രചാരണം

Published

|

Last Updated

കാളികാവ്: എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് തരിശ് ഭൂമിയില്‍ നെല്‍കൃഷിയിറക്കി പ്രചാരണം കൊഴുപ്പിക്കുന്നു. എസ് വൈ എസ് കാളികാവ് സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘകൃഷി നടത്തി സമ്മേളന പ്രചാരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകനും എസ് വൈ എസ് പ്രവര്‍ത്തകനുമായ അഞ്ചച്ചവിടി മൂച്ചിക്കലിലെ കളരിക്കല്‍ മുഹമ്മദാലിയുടെ മേല്‍നോട്ടത്തില്‍ തരിശ് ഭൂമി പാട്ടത്തിനെടുത്താണ് നെല്‍കൃഷി നടത്തുന്നത്.
മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുഴുവന്‍ പ്രവര്‍ത്തകരും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടനാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. യൂനിറ്റ് അടിസ്ഥാനത്തില്‍ തന്നെ എല്ലാ പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാടിന്റെ നന്മക്കും വേണ്ടി രംഗത്തിറങ്ങിത്തുടങ്ങി. സമ്മേളന പ്രചാരണാര്‍ഥം ഫളക്‌സ് ബോര്‍ഡുകളും മറ്റും നിരവധി സ്ഥലങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ സര്‍ക്കിള്‍ കമ്മിറ്റിക്ക് കീഴിലും മുപ്പത്തിമൂന്ന് അംഗ സ്വഫ്‌വ അംഗങ്ങള്‍ക്ക് പുറമെ നിരവധി വളണ്ടിയര്‍മാരെയും നാടിന് സമര്‍പ്പിച്ചു കഴിഞ്ഞു.
കൃഷിയോഗ്യമായ നിരവധി സ്ഥലങ്ങളാണ് തരിശായി കിടക്കുന്നത്. ഇത്തരം പ്രദേശങ്ങളില്‍ സംഘടനാ പ്രവര്‍ത്തകര്‍ ഇടപെട്ട് കര്‍ഷകരുടെ സഹായത്തോടെ കൃഷിയിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് കാളികാവ് സര്‍ക്കിള്‍ കമ്മിറ്റി സംഘകൃഷി നടത്താന്‍ തീരുമാനിച്ചത്. അഞ്ചച്ചവിടിക്ക് സമീപത്തെ വെന്തോടന്‍പടിയിലാണ് കാളികാവ് സര്‍ക്കിള്‍ കമ്മിറ്റി നെല്ല് ഉത്പാദിപ്പിക്കാന്‍ നടപടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി കാടുമൂടിക്കിടന്നിരുന്ന വയല്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് പാകമാക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്.
കാളികാവ് കൃഷി ഭവനില്‍ നിന്ന് ലഭിച്ച ആതിര വിത്ത് വിതച്ച് ഞാറ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കൃഷി ഓഫീസര്‍ അബ്ദുല്ലത്വീഫ് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. സംഘകൃഷി നിരവധി സ്ഥലങ്ങളില്‍ വിജയം കൊയ്തിട്ടുണ്ട്.
സെപ്തംബര്‍ പതിനാലിന് ജില്ലാ, സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് എസ് വൈ എസ് കാളികാവ് സര്‍ക്കിള്‍ കമ്മിറ്റി ഞാറ് നടല്‍ ഉത്സവമായി നടത്താനാണ് പരിപാടി.

Latest