വഴി തെറ്റുമെന്ന് പേടിക്കേണ്ട ; ഹജ്ജ് തീര്‍ഥാടകര്‍ക്ക് വഴികാട്ടാന്‍ മൊബൈല്‍ ആപ്ലിക്കേഷനുണ്ട്

Posted on: September 10, 2014 12:00 am | Last updated: September 10, 2014 at 12:00 am
SHARE

klm- hajj appകൊല്ലം: ഹജ്ജിന് പോകുന്നവര്‍ക്ക് വഴി കാട്ടാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. ഹജ്ജിനിടെ കൂട്ടം തെറ്റുകയോ താമസ സ്ഥലം കണ്ടെത്താനാകാതെ പ്രയാസപ്പെടുകയോ ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് വഴികാട്ടാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തിലാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
1.36 ലക്ഷം വരുന്ന ഇന്ത്യന്‍ തീര്‍ഥാടകരെ സഹായിക്കുന്നതിനായി ‘ഇന്ത്യന്‍ ഹാജി അക്കമഡേഷന്‍ ലൊക്കേറ്റര്‍’ എന്ന പേരിലാണ് ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണുകളി ല്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിട്ടുള്ളത്. ‘ഇന്ത്യന്‍ ഹാജി അക്കമഡേഷന്‍ ലൊക്കേറ്റര്‍’ തുറന്ന് പാസ്‌പോര്‍ട്ട് നമ്പറോ കവര്‍ നമ്പറോ അടിച്ചാല്‍ മതി, താമസ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ ഫോണില്‍ ലഭിക്കും. കെട്ടിട നമ്പര്‍, ടെന്റ് നമ്പര്‍, മക്തബ് (ഓഫീസ്) നമ്പര്‍ തുടങ്ങിയവ അറിയാം. കൂടെ ഉപഗ്രഹ- റോഡ് മാപ്പുകളും തെളിയും. തീര്‍ഥാടകരുമായി എല്ലാ സമയത്തും സമ്പര്‍ക്കത്തിലായിരിക്കുന്നതിന് ഇടക്കിടെയുള്ള അറിയിപ്പുകള്‍ എസ് എം എസ് ആയി കിട്ടിക്കൊണ്ടിരിക്കും.
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാനായി മൊബൈലില്‍ തെളിയുന്ന ഐക്കണിന് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമാണ് നല്‍കിയിട്ടുള്ളത്. ഹജ്ജ്് കര്‍മങ്ങള്‍ക്കിടെ അനുഭവപ്പെടാറുള്ള തിരക്കിനിടെ മൊബൈലുകള്‍ ഉപകാരപ്പെടുമെന്നതാണ് ആപ്പിലൂടെ സഹായമൊരുക്കാന്‍ അധികൃതര്‍ക്ക് പ്രേരണയായത്. വോളന്റിയര്‍മാരുടെയും സഹായികളുടെയും സേവനങ്ങള്‍ക്കു പുറമെ, കാലാനുസൃത സാങ്കേതിക വിദ്യകളെല്ലാം തീര്‍ഥാടകര്‍ക്കു ലഭ്യമാക്കുകയെന്ന താത്പര്യവും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ കയ്യെത്തും ദൂരത്തും വിളിപ്പുറത്തും സേവനമെത്തിക്കാന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഒരുക്കിയതിന് പിന്നിലുണ്ട്.
1,36,020 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജിനു പോകുന്നത്. 1,00,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 36,000 പേര്‍ സ്വകാര്യ ഹജ്ജ് സംഘങ്ങളുടെ നേതൃത്വത്തിലുമാണ് പോകുക.