Connect with us

International

സിറിയയില്‍ 74 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിമതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതായി പഠനം

Published

|

Last Updated

വാഷിംഗ്ടണ്‍: 74 രാജ്യങ്ങളില്‍ നിന്നായി 12,000ത്തിലധികം പേര്‍ സിറിയയില്‍ വിമതര്‍ക്കൊപ്പം പോരാട്ടത്തിലേര്‍പ്പെട്ടതായി പഠനം. ഇവരില്‍ 60 മുതല്‍ 70 ശതമാനം വരെ പേര്‍ മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും 20 മുതല്‍ 25 ശതമാനം വരെ പേര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണെന്ന് ഭീകരവാദത്തെ കുറിച്ച് പഠനം നടത്തുന്ന ലണ്ടനിലെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് റാഡിക്കലൈസേഷന്‍ എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു. വിദേശ ആയുധധാരികള്‍ അഭൂതപൂര്‍വമായി കുടിയേറി യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രീതി ഇത്രയധികം കാണുന്നത് സിറിയന്‍ സംഘര്‍ഷത്തിനിടയിലാണെന്ന് ഡയറക്ടര്‍ പീറ്റര്‍ ന്യൂമാന്‍ പറഞ്ഞു. ഇതിന് മുമ്പ് 1980ല്‍ സോവിയറ്റ് യൂനിയന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയപ്പോഴായിരുന്നു ഇത്രയധികം വിദേശികള്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നത്. പതിറ്റാണ്ട് നീണ്ടുനിന്ന ആ സംഘട്ടനത്തില്‍ 20,000ത്തിലധികം വിദേശികള്‍ പങ്കാളികളായി എന്നാണ് കണക്ക്.
അതേസമയം വെറും മൂന്ന് വര്‍ഷം നീണ്ടുനിന്ന സിറിയന്‍ സംഘര്‍ഷത്തിനിടെ ഇതുവരെയായി 12,000 വിദേശികള്‍ യുദ്ധത്തില്‍ പങ്കാളികളായി.
അഫ്ഗാന്‍ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്ന അല്‍ഖാഇദ പോലുള്ള ഭീകരവാദ സംഘടനകള്‍ രൂപം കൊണ്ടതെന്ന് ന്യൂമാന്‍ ചൂണ്ടിക്കാട്ടുന്നു. സിറിയയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ സമാനമായ തീവ്രവാദ സംഘടനകള്‍ക്ക് ജന്മം നല്‍കാന്‍ സാധ്യതയുണ്ട്. അടുത്ത തലമുറയില്‍ തന്നെ വിദേശ പോരാളികളുടെ സഹായത്തോടെ ഭീകര ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
അതേസമയം, ഇറാഖിലും സിറിയയിലും ആക്രമണ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഇസില്‍ സായുധ സംഘത്തിലോ അല്‍ ഖാഇദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്നുസ്‌റ സംഘത്തിലോ ഫ്രീ സിറിയന്‍ ആര്‍മി പോലുള്ള മറ്റു സംഘടനകളിലോ എത്ര വിദേശ സൈനികരുണ്ടെന്ന കാര്യം ന്യൂമാന്‍ വ്യക്തമാക്കിയിട്ടില്ല.
സിറിയയില്‍ സായുധ സംഘത്തിനിടയില്‍ തന്നെ നിലനില്‍ക്കുന്ന ഉള്‍പ്പോരുകള്‍ മുഖേന കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ വിദേശത്തുനിന്നുള്ളവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.
സിറിയയിലേക്ക് ഏറ്റവും കുടുതല്‍ പേര്‍ പോരാട്ടനെത്തിയത് ടുണീഷ്യയില്‍ നിന്നാണ്. 3,000 പേര്‍. പാശ്ചാത്യ രാജ്യങ്ങളില്‍ ഫ്രാന്‍സില്‍ നിന്ന് 700 പേരും ബ്രിട്ടനില്‍ നിന്ന് 500 പേരും ജര്‍മനിയില്‍ നിന്ന് 400 പേരും ബെല്‍ജിയത്തില്‍ നിന്ന് 300 പേരും അമേരിക്കയില്‍ നിന്ന് 100 പേരുമാണ് സിറിയയിലെത്തിയിരിക്കുന്നതെന്ന് ന്യൂമാന്‍ വെളിപ്പെടുത്തുന്നു.

Latest