ഇറാഖില്‍ പുതിയ മന്ത്രിസഭക്ക് അംഗീകാരം നല്‍കി

Posted on: September 10, 2014 12:26 am | Last updated: September 9, 2014 at 10:29 pm
SHARE

Haider-al-Abadi-001 (1)ബഗ്ദാദ്: പുതിയ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദിയുടെ നേതൃത്വത്തില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഇറാഖിലെ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായി മുന്നോട്ടുവെച്ചിരുന്ന കാബിനറ്റ് അംഗങ്ങളെ മുഴുവനും എം പിമാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം പ്രധാനപ്പെട്ട രണ്ട് വകുപ്പുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. പ്രതിരോധം, ആഭ്യന്തരം എന്നിവയിലേക്ക് ഇതുവരെയും ആരും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ഈ സ്ഥാനങ്ങളിലേക്ക് ആളുകളെ നിര്‍ണയിക്കാന്‍ ഒരു ആഴ്ച കൂടി സമയം നീട്ടിനല്‍കണമെന്ന് പുതിയ പ്രധാനമന്ത്രി അല്‍ അബ്ബാദി ആവശ്യപ്പെട്ടു. പുറത്തുപോകുന്ന പ്രധാനമന്ത്രി നൂരി അല്‍ മാലികി, മുന്‍ പ്രധാനമന്ത്രി അയാദ് അല്ലാവി, പാര്‍ലിമെന്റിലെ മുന്‍ സ്പീക്കര്‍ ഉസാമ അല്‍ നുജൈഫി എന്നിവര്‍ക്ക് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. മൂന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിമാരില്‍ ഒരാളുടെ സ്ഥാനത്തേക്ക് കുര്‍ദ് രാഷ്ട്രീയ നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഹോശിയാര്‍ സെബാരിയെ നിയോഗിച്ചു. മുന്‍ പ്രധാനമന്ത്രി ഇബ്‌റാഹിം അല്‍ ജഅ്ഫരിക്ക് വിദേശകാര്യ മന്ത്രി സ്ഥാനം നല്‍കി.
കൂടുതല്‍ പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന് അമേരിക്കയും മറ്റു രാജ്യങ്ങളും ഇറാഖിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സുന്നി വിഭാഗത്തെ അവഗണിച്ച് നൂരി അല്‍മാലികിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ ഇവര്‍ക്കുണ്ടായിരുന്ന അമര്‍ഷം തണുപ്പിക്കാന്‍ ലക്ഷ്യം വെച്ചാണ് ഇങ്ങനെയൊരു ആവശ്യം അമേരിക്കയും മറ്റും മുന്നോട്ടുവെച്ചിരുന്നത്. സര്‍ക്കാറിനെതിരെയുള്ള സുന്നികളുടെ ഈ നിലപാട് ഇസില്‍ തീവ്രവാദികള്‍ക്ക് കൂടുതല്‍ സഹായകരമായി മാറുമെന്ന് അമേരിക്ക ആശങ്കപ്പെട്ടിരുന്നു.
സായുധ സംഘങ്ങള്‍ ഇറാഖില്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ആക്രമണങ്ങളും സൈന്യത്തിന്റെ പിന്തുണയോടെ അവസാനിപ്പിക്കുമെന്നും ലക്ഷ്യം നേടുന്നതു വരെ പോരാട്ടത്തില്‍ ഏര്‍പ്പെടുമെന്നും പ്രധാനമന്ത്രിയായി പുതുതായി ചുമതലയേറ്റ അല്‍ അബ്ബാദി വ്യക്തമാക്കി. കുര്‍ദ്് പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും പ്രസംഗത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ കുര്‍ദ് സൈനികരും ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.