Connect with us

Gulf

സ്വദേശികളെ ആകര്‍ശിക്കാന്‍ ഒമാനില്‍ ശമ്പള വര്‍ധന പരിഗണനയില്‍

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിപ്പിക്കുന്നതിനായി ശമ്പള വര്‍ധന നടപ്പാക്കണമെന്ന ആവശ്യം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു. കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്‌വലിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പ്രധാന അജന്‍ഡയിലൊന്നായതെന്ന് ശൂറ കൗണ്‍സില്‍ വക്താക്കള്‍ അറിയിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ശമ്പള വര്‍ധന ഏര്‍പ്പെടുത്തണമെന്നും പൊതുമേഖലയിലുള്ളത് പോലെ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി യൂനിയന്‍ വക്താക്കള്‍ നല്‍കിയ പരാതിയിലാണ് ചര്‍ച്ച നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാനവവിഭവ മന്ത്രാലയം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നതിനാല്‍ വിഷയം പരിഗണിക്കപ്പെടുമെന്നാണ് സൂചന.
സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിപ്പിച്ച് രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ശമ്പള വര്‍ധനയും തൊഴില്‍ ഭാരം ഒഴിവാക്കാനും വാണിജ്യ വ്യാപാര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ സ്വകാര്യ മേഖലയിലേക്ക് എത്തുന്ന സ്വദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരുന്നു.
വിഷയം ശൂറ കൗണ്‍സില്‍ പാസാക്കുന്നതോടെ രാജ്യത്തെ സ്വകാര്യ മേഖലക്ക് കനത്ത തിരച്ചടിയാകാനിടയുണ്ട്. സ്വകാര്യ മേഖലയിലേക്ക് സ്വദേശികള്‍ കൂടുതലായി എത്തുന്നത് മേഖലയില്‍ നിന്ന് വിദേശികളുടെ സാന്നിധ്യം നഷ്ടമാകും. നിര്‍മാണ മേഖലയിലടക്കം സ്വദേശികള്‍ക്ക് പ്രാതിനിധ്യം നല്‍കിക്കൊണ്ട് അടുത്തിടെ പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു.
അതിനിടെ, ഫെറി സര്‍വീസുകള്‍ക്ക് മസീറ സ്വദേശികളില്‍ നിന്ന് പണം ഈടാക്കരുതെന്ന അപേക്ഷയുമായി ബന്ധപ്പെട്ട വിഷയവും ശൂറ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. മസീറ ദ്വീപിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന ഫെറി സര്‍വീസ് സൗജന്യമാക്കണമെന്നും വാഹനങ്ങളില്‍ നിന്നും സര്‍വീസുകളില്‍ നിന്നും മസീറയിലെ ജനങ്ങളില്‍ നിന്ന് ഫെറി കമ്പനികള്‍ പണം ഈടാക്കരതുന്ന കൗണ്‍സിലിലെ മസീറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ മജ്ഹലിയുടെ ആവശ്യമാണ് ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. ഫെറി സര്‍വീസുകള്‍ സൗജന്യമാക്കുകയെന്നത് മസീറ ജനങ്ങളുടെ പൊതുതാത്പര്യവും പ്രധാന ആവശ്യവുമാണെന്ന് അല്‍ മജ്ഹലി വ്യക്തമാക്കി.
മസീറയില്‍ നിന്ന് ശന്നയിലേക്കും തിരച്ചുമുള്ള സര്‍വീസുകളാണ് സൗജന്യമാക്കേണ്ടതെന്ന ആവശ്യം ഉയര്‍ന്നത്. മസീറ സ്വദേശികളുടെ ആവശ്യത്തില്‍ ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചയില്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ഔദ്യോഗിക വക്താക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. സ്വദേശികളുടെ യാത്ര സൗജന്യമാക്കുകയാണെങ്കില്‍ മസീറയിലേക്ക് യാത്ര ചെയ്യുന്ന വിദേശികളില്‍ നിന്ന് കൂടുതലായി പണം ഈടാക്കുമോയെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്.