മഅ്ദിന്‍ വിദ്യാഭ്യാസ വിനിമയ പദ്ധതി: പ്രഥമ ബിരുദദാനം യു കെയില്‍ നടന്നു

Posted on: September 9, 2014 11:51 pm | Last updated: September 9, 2014 at 11:51 pm
SHARE

ലണ്ടന്‍: മഅ്ദിന്‍ അക്കാദമിയുടെ വിദ്യാഭ്യാസ വിനിമയ പദ്ധതിയുടെ ഭാഗമായുള്ള പ്രഥമ ബിരുദ ദാനം ബ്രിട്ടനില്‍ നടന്നു. മഅ്ദിന്‍ ഹോം സയന്‍സ് സെന്ററിന്റെ കീഴിലുള്ള ‘ഫാമിലി എന്റിച്ച്‌മെന്റ് ആന്‍ഡ് സോഷ്യല്‍ എത്തിക്‌സ്’ കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ലെസ്റ്ററിലെ ഓഡ്ബി വിഗ്സ്റ്റണ്‍ മുസ്‌ലിം അസോസിയേഷന്റെ സഹകരണത്തോടെയുള്ള പരിപാടിക്ക് ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. ഇര്‍ഫാന്‍ അലവിയാണ് നേതൃത്വം നല്‍കിയത്.
ബിരുദ പഠനത്തിന് യോഗ്യതയുള്ള, പ്രായഭേദമില്ലാതെ ആര്‍ക്കം ചോരാനാവുന്ന ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സാണിത്. പ്രൊഫഷനലുകളടക്കം ഇരുപത് പേരാണ് ആദ്യ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. സന്തുഷ്ട കുടുംബത്തിനായുള്ള ആധുനിക തിയറികളും ഇസ്‌ലാമിക് ഫിലോസഫിയിലെ അതികായനായ ഇമാം അല്‍ ഗസ്സാലിയുടെ ഇഹ്‌യാഉലൂമുദ്ദീനിലെ പാഠങ്ങളും യോജിപ്പിച്ചതാണ് സിലബസ്.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ബിരുദദാനം നിര്‍വഹിച്ചു. കുടുംബ കലഹങ്ങളും വിവാഹ മോചന നിരക്കും ഉയര്‍ന്നു നില്‍ക്കുന്ന യൂറോപ്യന്‍ സമൂഹത്തില്‍ ധാര്‍മിക പാഠങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് കോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ബിരുദദാന പ്രഭാഷണത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇത്തരം പഠന പരിപാടികള്‍ എത്തിക്കുന്നതിന് അക്കാദമിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. ഈ വര്‍ഷം ആരംഭിച്ച് 2017ല്‍ സമാപിക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം കാന്തപുരം നിര്‍വഹിച്ചു.
എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ഡെപ്യൂട്ടി ലെഫ്റ്റനന്റ് ബോബ് കോളിന്‍സ്, ബ്രിട്ടീഷ് പോലീസ് പ്രതിനിധികളായ ജോ ഗുണ്ടുസ്, സ്റ്റീഫന്‍ ബന്‍, ഓഡ്ബി കൗണ്‍സിലര്‍ ജഫറി കോഫ്മന്‍, ഇന്റര്‍ ഫെയ്ത്ത് പ്രതിനിധികളായ ടോണി നെല്‍സണ്‍, റഫീഖ് പട്ടേല്‍, ഓഡ്ബി വിഗ്സ്റ്റണ്‍ മുസ്‌ലിം അസോസിയേഷന്‍ ചെയര്‍മാന്‍ ഹാഫിസ് കാത്തിബ്, മോണ്ട്‌ഫോര്‍ട്ട് യൂനിവേഴ്‌സിറ്റിയിലെ ഡോ. ബേഗ് സംബന്ധിച്ചു.
മഅ്ദിന്‍ അക്കാദമിയുടെ വിജ്ഞാന വിനിമയ പദ്ധതിയുടെ ഭാഗമായി ജര്‍മനി, നെതര്‍ലന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ കൂടി സയ്യിദ് ബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നുണ്ട്.