മന്ത്രിതല ചര്‍ച്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: September 9, 2014 9:00 pm | Last updated: September 9, 2014 at 9:30 pm
SHARE

അബുദാബി: യു എ ഇ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവാസികള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി സംവദിക്കാനുള്ള വേദിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ (കമ്യൂണിറ്റി അഫയേഴ്‌സ്) ആനന്ദ് ബര്‍ധന്‍ പറഞ്ഞു.
അബുദാബി മിനയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലെ മന്ത്രിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പങ്കെടുക്കും.
യോഗത്തിന്റെ പ്രഥമ ലക്ഷ്യങ്ങളില്‍ ഒന്ന് യു എ ഇയിലെ ഇന്ത്യന്‍ സംഘടനകള്‍ വഴി പ്രവാസികള്‍ക്ക് നല്‍കാവുന്ന സേവനങ്ങള്‍ പ്രവാസികള്‍ക്ക് ഉറപ്പുവരുത്തുക എന്നതാണെന്ന് ആനന്ദ് ബര്‍ധന്‍ പറഞ്ഞു. യു എ ഇ സംഘടനാ ഭാരവാഹികള്‍ക്കും ഇന്ത്യന്‍ ഭരണകര്‍ത്താക്കളോട് നേരിട്ട് പരാതി ബോധ്യപ്പെടുത്താനുള്ള അവസരം പരിപാടിയിലുണ്ടാകും.
യോഗത്തോടനുബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും സംയുക്തമായി പ്രവാസികള്‍ക്ക് നല്‍കാവുന്ന ആനുകൂല്യങ്ങള്‍ പ്രവാസ സംഘടനകള്‍ മുഖാന്തരം നല്‍കാവുന്ന സേവനങ്ങളെക്കുറിച്ച് പ്രത്യേകം ചര്‍ച്ച നടക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. ഇതാദ്യമാണ് ഭരണകൂടവും സംഘടനാ പ്രതിനിധികളും ഒരുമിച്ച് ചേര്‍ന്നുള്ള കൂടിക്കാഴ്ചക്ക് വേദിയൊരുക്കുന്നത്.