Connect with us

Gulf

കാന്തപുരത്തിന്റെ കര്‍ണാടക യാത്ര;പ്രചാരണം ഊര്‍ജിതം

Published

|

Last Updated

ദുബൈ: ഒക്‌ടോബര്‍ 25ന് ആരംഭിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ കര്‍ണാടക യാത്ര ചരിത്ര സംഭവമായി മാറുമെന്ന് സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അബ്ദുര്‍റശീദ് സൈനി കക്കിഞ്ച ദുബൈയില്‍ പറഞ്ഞു. നവംബര്‍ രണ്ട് വരെയാണ് മാനവരാശിയെ ആദരിക്കുക എന്ന പ്രമേയത്തില്‍ കര്‍ണാടക യാത്ര ഒരുക്കിയിരിക്കുന്നത്.
കര്‍ണാടക എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന യാത്ര ഇരുപത് ജില്ലകളിലെ 16 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കടന്നുപോകും. ഗുല്‍ബര്‍ഗയില്‍ നിന്ന് ഒക്‌ടോബര്‍ 25ന് ആരംഭിച്ച് 2,500ല്‍ പരം കിലോമീറ്റര്‍ താണ്ടിയാണ് മംഗലാപുരത്ത് നവംബര്‍ രണ്ടിന് യാത്ര സമാപിക്കുക. ബീജാപൂര്‍, ബഗലാകോട്ട്, ഹുബ്ലി, ഹവേരി, ബല്ലാരി, ദാവങ്കരെ, ഷിമോഗ, നോര്‍ത്ത് കാനറ, ഉഡുപ്പി, ചിക്മംഗഌര്‍, ഹാസന്‍, ബംഗളൂരു, മൈസൂര്‍, കൊടക് എന്നിവയാണ് മറ്റു സ്വീകരണ കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രത്തിലും ഉജ്ജ്വല സ്വീകരണം ഒരുക്കും. ആയിരക്കണക്കിനാളുകള്‍ സ്വീകരണ യോഗത്തില്‍ സംബന്ധിക്കും. കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉപനായകനാവും. നൂറ്റമ്പത് അംഗങ്ങളടങ്ങുന്ന സ്ഥിരം യാത്രാ സംഗവും ഓരോ കേന്ദ്രങ്ങളിലും എസ് ടീം അംഗങ്ങളും യാത്രയെ അനുഗമിക്കും. സ്വീകരണ പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി, മന്ത്രിമാര്‍ അടക്കം മത സാമൂഹിക രാഷ്ട്രീയ രംഗത്തെ ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. മംഗലാപുരത്തെ സമാപന സമ്മേളനത്തില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രയോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ ഇതിനു മുന്നോടിയായി നടന്നുവരുന്നു. യാത്രയുടെ പ്രചാരണാര്‍ഥവും ഏക്യദാര്‍ഡ്യം പ്രകടിപ്പിച്ചും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ കീഴില്‍ സെപ്തംബര്‍ 26ന് ദുബൈയില്‍ മാനവിക സമ്മേളനം നടക്കും.
കാന്തപുരം നയിച്ച ഐതിഹാസിക കേരളയാത്രയുടെ ചുവടുപിടിച്ച് നടക്കുന്ന കര്‍ണാടക യാത്രക്ക് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശ്രദ്ധേയമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest