ഗൃഹാതുര ഓര്‍മകളുമായി പ്രവാസികളുടെ ഓണം

Posted on: September 9, 2014 9:25 pm | Last updated: September 9, 2014 at 9:25 pm
SHARE

onamഅബുദാബി: മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഗതകാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ പുതുക്കി യു എ ഇയിലെ മലയാളി സമൂഹം കെങ്കേമായി ഓണം ആഘോഷിച്ചു. അബുദാബിക്ക് പുറമേ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെല്ലാം മലയാളികളുടെ കേന്ദ്രങ്ങളില്‍ സദ്യ ഒരുക്കലും ഓണപ്പാട്ടും പൂക്കളവുമെല്ലാം ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളും ഓണാഘോഷത്തില്‍ സജീവമായിരുന്നു. പല സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഗംഭീരമായ ഓണ സദ്യയും ഉണ്ടായിരുന്നു.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി മാവേലി മന്നന്റെ വരവിനായി മലയാളികളുടെ വീടും വില്ലയും ഫഌറ്റുമല്ലൊം നേരത്തെ സജ്ജമായിരുന്നു. സെറ്റും പട്ടുപാവാടയുമുടുത്ത് മലയാളിമങ്കമാരും പെണ്‍കൊടികളും ഓണത്തിന്റെ വരവ് നാടെങ്ങും വിളമ്പരം ചെയ്തു. ഓണക്കോടിയുടുത്തും ഓണ സദ്യയൊരുക്കിയും പൊതു അവധി ദിവസം അല്ലാതിരുന്നിട്ടും ഓഫീസുകളിലും വീടുകളിലും ഹോട്ടലുകളിലും മലയാളികള്‍ മറ്റുള്ളവര്‍ക്കൊപ്പം ഒത്തുകൂടി തിരുവോണം കെങ്കേമമാക്കി.
പതിവുപോലെ ഇപ്രാവശ്യവും പ്രവാസിയുടെ ഓണം പ്രവര്‍ത്തി ദിവസമായതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ക്ക് തന്നെ പ്രവാസി ബാച്ചിലര്‍മാരുടെ റൂമുകളില്‍ ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സഹപ്രവര്‍ത്തകരായ സുഹൃത്തുക്കളേയും കൂട്ടിയാണ് പലരും ഓണസദ്യകഴിച്ചത്. എന്നാല്‍ സദ്യ ഒരുക്കാന്‍ കഴിയാത്തവര്‍ കൂട്ടുകാരോടൊപ്പം ഹോട്ടലുകളെ ആശ്രയിച്ചു. തനത് വേഷം ധരിച്ചാണ് പലരും ഓഫീസില്‍ ജോലിക്ക് ഹാജരായത്. ഓഫീസുകളില്‍ പൂക്കളവും സദ്യയും ഒരുക്കാന്‍ മലയാളി മുന്‍കൈ എടുത്തപ്പോള്‍ മാവേലിയാകാനും കൈകൊട്ടിക്കളിക്കും പാക്കിസ്ഥാനികളും ഫിലിപൈന്‍ സ്വദേശികളും യുറോപ്യന്‍മാരുമെല്ലാം ഒപ്പം കൂടി. അത്തപ്പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു. കുടുംബമായി താമസിക്കുന്നവര്‍ പലരും അവധിയെടുത്താണ് ഓണം കെങ്കേമമാക്കിയത്. പുലര്‍ച്ചെ തന്നെ കുടുംബങ്ങളുടെ ഫഌറ്റില്‍ ഒരുമിച്ച് കൂടി സദ്യ ഒരുക്കിയാണ് നാടണയാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ ഓണത്തെ ആഘോഷമാക്കിയത്.
കേരള ഫെസ്റ്റ് ഓണച്ചന്ത സംഘടിപ്പിച്ചു

ദുബൈ: കറാമ അന്‍സാര്‍ ഗ്യാലറിയില്‍ ഓണച്ചന്ത സംഘടിപ്പിച്ചു. കോണ്‍സുല്‍ ദീപ ജെയിന്‍ ഉദ്ഘാടനം ചെയ്തു. യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപറേഷന്‍സ് മേധാവി വൈ സുധീര്‍ കുമാര്‍ ഷെട്ടി മുഖ്യാതിഥിയായിരിന്നു. അന്‍സാര്‍ ഗ്രൂപ്പ് ജി എം മുഹമ്മദ് മൗസാദ്, പി ആര്‍ ഒ മാനേജര്‍ അബ്ദുല്‍ ജലീല്‍, ബെഞ്ച്മാര്‍ക്ക് മീഡിയ എം ഡി ഹബീബ് റഹ്മാന്‍ പങ്കെടുത്തു. വൈകുന്നേരം ഏഴു മുതല്‍ രാത്രി 11 വരെയായിരുന്നു ചന്ത. നിരവധി പേരാണ് ചന്തയില്‍ സന്ദര്‍ശകരായി എത്തിയത്. പ്രര്‍ശനത്തിനും വില്‍പനക്കുമായി നിരവധി ഉത്പന്നങ്ങള്‍ സജ്ജമാക്കിയിരുന്നു. യു എ ഇ എക്‌സ്‌ചേഞ്ചും ബദര്‍ സമയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സൗജന്യ വൈദ്യ പരിശോധനയും നടന്നു. രക്ത സമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയവ സൗജന്യമായി പരിശോധിച്ചു. സോപാനം മ്യൂസിക് ആന്‍ഡ് ഡാന്‍സ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു കലാപരിപാടികള്‍ അരങ്ങേറിയത്. ചാക്യാര്‍ക്കൂത്ത്, ഓണപ്പാട്ട്, കൈകൊട്ടിക്കളി, തുടങ്ങിയവയും അരങ്ങേറി. കെ വി എം മുഹമ്മദ് പങ്കെടുത്തു.
ഓണവിരുന്ന് 12ന്
അബുദാബി: യു എ ഇയിലെ ജനകീയ ഓണാഘോഷ പരിപാടിയായ ‘ഓണവിരുന്ന് 12’ (വെള്ളി)ന് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ അബുദാബി മലയാളീ സമാജത്തില്‍ നടക്കും. ഏഷ്യാനെറ്റ് റേഡിയോ ഒരുക്കുന്ന ഓണവിരുന്നില്‍ പൂക്കളമിടല്‍, തിരുവാതിര, മലയാള ശ്രീമാന്‍, മലയാള മങ്ക, പുലികളി, മാവേലി മന്നന്‍, വടം വലി തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
യു എ ഇയിലെ വിവിധ സംഘടനകള്‍ ആണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുമെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ അറിയിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയും ഓണവിരുന്നിന് മാറ്റുകൂട്ടും. അബുദാബി മലയാളീ സമാജത്തിന്റെ സഹകരണത്തോടെയാണ് ഓണവിരുന്ന് അരങ്ങേറുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.