സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അബുദാബി പോലീസ് ഗൈഡ് പുറത്തിറക്കി

Posted on: September 9, 2014 9:15 pm | Last updated: September 9, 2014 at 9:15 pm
SHARE

അബുദാബി: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ബോധ വത്കരണം നല്‍കുന്നതിന് അബുദാബി മൂന്ന് തരത്തിലുള്ള പോലീസ് സന്ദര്‍ശക ഗൈഡ് പുറത്തിറക്കി. യു എ ഇയുടെ നിയമങ്ങളും വ്യവസ്ഥകളും ചെറിയ രൂപത്തില്‍ പരിചയപ്പെടുത്തുന്ന ഗൈഡില്‍ യു എ ഇയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍, വിനോദസഞ്ചാര മേഖലകള്‍, പ്രധാന ആശുപത്രികള്‍, നമ്പറുകള്‍, ഷോപ്പിംഗ് മാളുകള്‍, സംസ്‌കാരിക സംഘടനകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തുന്നുണ്ട്. പ്രധാന ഗൈഡിന്റെ ഒരു ഭാഗത്ത് ഇംഗ്ലീഷിലും മറുഭാഗത്ത് അറബിയിലുമാണ് തയ്യാറാക്കിയിട്ടുള്ളത്.
നഗരത്തിലെത്തുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി അബുദാബി ടൂറിസ്റ്റ് പോലീസും രണ്ട് ഗൈഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. പന്ത്രണ്ട് രാജ്യങ്ങളുടെ പ്രാദേശിക ഭാഷയിലാണ് ടൂറിസം പോലീസിന്റെ ഗൈഡ്. നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ പാലിക്കേണ്ടുന്ന നിയമങ്ങളാണ് ടൂറിസം പോലീസിന്റെ ഗൈഡിലുള്ളത്. നഗരത്തിലെത്തുന്നവര്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് സഭ്യേതരമല്ലാത്ത രീതിയില്‍ പെരുമാറുന്നത് കടുത്ത ശിക്ഷാര്‍ഹമാണ്.
ശരീരം പൂര്‍ണമായും മറയാത്ത രീതിയിലുള്ള വസ്ത്രങ്ങളും ഒഴിവാക്കേണ്ടതാണ്. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് മദ്യപിക്കുന്നത് കടുത്ത ശിക്ഷാര്‍ഹമാണ്. മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷക്ക് വിധേയമാകേണ്ടിവരും. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എ ടി എം മിഷീനുകള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ കാശ് കയ്യില്‍ കരുതുന്നത് ഒഴിവാക്കണമെന്ന് ഗൈഡില്‍ പോലീസ് വ്യക്തമാക്കുന്നു. നഗരത്തിലെ പാര്‍ക്കിംഗ് ഏരിയകളില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ വാഹനങ്ങള്‍ ലോക്ക് ചെയ്തിരുന്നോ എന്ന് ഉറപ്പ് വരുത്തണം, നിയന്ത്രണമേര്‍പ്പെടുത്തിയ ഏരിയകളില്‍ ഫോട്ടോ എടുക്കുന്നതും കടുത്ത ശിക്ഷാര്‍ഹമാണ്.
നഗരത്തിലെ ഒറ്റപ്പെട്ട തീരങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ തീരങ്ങള്‍ മാത്രം ഉപയോഗിക്കുക വിശുദ്ധ റമസാന്‍ മാസത്തില്‍ പൊതു സ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പുകവലിക്കുന്നതും കടുത്ത ശിക്ഷാര്‍ഹമാണെന്ന് പോലീസ് ഉണര്‍ത്തുന്നു. സന്ദര്‍ശകര്‍ക്ക് പോലീസിനെ ആവശ്യം വന്നാല്‍ അടിയന്തിര നമ്പറായ 999 ടോള്‍ഫ്രീ നമ്പറായ 8002626 എന്നീ നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് വ്യക്തമാക്കി.
സന്ദര്‍ശകര്‍ യു എ ഇയുടെ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.