Connect with us

Gulf

വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജം നിര്‍ബന്ധമാക്കും

Published

|

Last Updated

ദുബൈ: വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജം നിര്‍ബന്ധമാക്കാന്‍ ദിവ ഒരുങ്ങുന്നു. നിലവിലെ ഗ്യാസില്‍ നിന്നുള്ള വൈദ്യുതിക്ക് പകരം സൗരോര്‍ജം ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്.
വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വന്‍തോതില്‍ എണ്ണ ആവശ്യമായി വരുന്നതും ഇത് വൈദ്യുതിയായി മാറ്റുമ്പോള്‍ സംഭവിക്കുന്ന അന്തരീക്ഷ മലിനീകരണവുമെല്ലാം കണക്കിലെടുത്താണ് എല്ലാ വീടുകള്‍ക്കും സൗരോര്‍ജ സംവിധാനം പരമാവധി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് ദിവ നീക്കം ആരംഭിച്ചിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ അതിവേഗം വറ്റിക്കൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവും ഇത്തരം ഒരു നീക്കത്തിന് ദുബൈ ഇലക്ട്രിക് സിറ്റി ആന്‍ഡ് വാട്ടര്‍ (ദിവ) അധികൃതരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. പ്രകൃതി പരമായ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മേഖലയായതിനാല്‍ വീടുകള്‍ക്കും കടകള്‍ക്കും മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാല്‍ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്നാണ് ദിവ കണക്കുകൂട്ടുന്നത്.
2030 ആവുമ്പോഴേക്കും നിലവിലെ വൈദ്യുതി ഉത്പാദനത്തില്‍ 71 ശതമാനവും മറ്റ് ഊര്‍ജങ്ങളിലേക്ക് മാറാനാണ് ദിവ ലക്ഷ്യമിടുന്നത്. 2030ല്‍ 12 ശതമാനം ആണവോര്‍ജം വൈദ്യുതി ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 12 ശതമാനം കല്‍ക്കരിയില്‍ നിന്നും അഞ്ചു ശതമാനം സൗരോര്‍ജത്തില്‍ നിന്നും ലഭ്യമാക്കാനാണ് പദ്ധതി.
സൗരോര്‍ജ ഉപയോഗം എമിറേറ്റിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് ദുബൈയിലെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ പാനലുകള്‍ നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നത്. അധികം വൈകാതെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് ദിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ദിവയുടെ എനര്‍ജി സ്ട്രാറ്റജി 2030ന്റെ ഭാഗമാണ് സൗരോര്‍ജ പദ്ധതി.
വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ പാനലുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമത്തിന് അന്തിമ രൂപമായതായി ദിവ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. ഇതിനുള്ള നിയമത്തിന്റെ കരട് പൂര്‍ത്തിയായിട്ടുണ്ട്. എമിറേറ്റ്‌സ് എനര്‍ജി അവാര്‍ഡ് 2014-15 ചടങ്ങിലാണ് സി ഇ ഒ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ രണ്ട് സൗരോര്‍ജ പദ്ധതികളിലൂടെ 20 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ ആഗസ്റ്റില്‍ ടെണ്ടര്‍ നല്‍കിയ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് രണ്ടാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ 1,000 മെഗാവാട്ട് വൈദ്യുതിയാണ് ദിവക്ക് ലഭിക്കുക. ഇതില്‍ നിന്നാവും രണ്ടു ലക്ഷം വീടുകള്‍ക്ക് സൗരോര്‍ജം എത്തിക്കുക. ഇതോടൊപ്പം വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് സൗരോര്‍ജം ശേഖരിച്ച് വൈദ്യുതാവശ്യം നിറവേറ്റാനും ദിവക്ക് പദ്ധതിയുണ്ടെന്നും അല്‍തായര്‍ പറഞ്ഞു.