Connect with us

Wayanad

പൂക്കോട് തടാകത്തില്‍ ബോട്ടുകള്‍ കട്ടപ്പുറത്ത്

Published

|

Last Updated

വൈത്തിരി: ഓണാഘോഷത്തിന് പൂക്കോട് തടാകത്തില്‍ എത്തിയ സന്ദര്‍ശകരെ എതിരേറ്റത് ഉപയോഗശൂന്യമായ ബോട്ടുകള്‍. തുഴ ബോട്ടുകള്‍ ഭൂരിഭാഗവും കട്ടപ്പുറത്തയായിട്ട് മാസങ്ങള്‍ കഴിഞ്ഞു.
സര്‍വീസ് നടത്തുന്നവയില്‍ മഴ പെയ്താല്‍ സന്ദര്‍ശകരെ കയറ്റാനാവില്ല. ഒന്‍പത് എക്‌സിക്യൂട്ടിവ് ബോട്ടുകളില്‍ നാലെണ്ണ മാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. മറ്റു ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി നീക്കിയിട്ടിരിക്കുകയാണ്. സര്‍വീസ് നടത്തുന്ന ബോട്ടുകളും ശോചനീയ സ്ഥിതിയിലാണ്. ഒന്നുപോലും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ല. ബോട്ടിങിന് സഞ്ചാരികളില്‍ നിന്ന് 350 രൂപ ഈടാക്കുമ്പോഴും “എക്‌സിക്യൂട്ടിവ് പദവി” പേരില്‍ മാത്രമാണ്. മഴയില്‍ ബോട്ട് ചോരുന്നതിനെതിരെ വിദേശികളടക്കം പരാതിപെട്ടിട്ടും ഫലമുണ്ടായിട്ടില്ല. നാല് സീറ്റുള്ള പെഡല്‍ബോട്ടില്‍ നാല് എണ്ണം പ്രവര്‍ത്തനക്ഷമമല്ല. രണ്ട് സീറ്റുള്ള പെഡല്‍ ബോട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് ഓടിക്കാന്‍ പറ്റുന്നത്. കട്ടപ്പുറത്തുള്ള ബോട്ടുകളില്‍ ചിലത് സര്‍വീസിന് ഒരുക്കുമ്പോഴേക്കും മറ്റുള്ളതിന് തകരാറുകള്‍ സംഭവിച്ചിട്ടുണ്ടാവും. ഇവ വേഗം നന്നാക്കാനുള്ള നടപടികള്‍ ഉണ്ടാകാകറില്ല. മാസങ്ങളോളം കരയിലിടും. യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി അടുത്തകാലത്ത് കൊണ്ടുവന്ന 250 ജാക്കറ്റുകളില്‍ പലതും കേടുപാടുകള്‍ സംഭവിച്ചതാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. സന്ദര്‍ശക തിരക്കേറുന്ന ഓണക്കാലത്തുപോലും ബോട്ടുകളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതന്‍ നടപടിയെടുത്തില്ല. തടാകം പായല്‍ മൂടിയതിനാല്‍ പെഡല്‍ ബോട്ടുകള്‍ തുഴയാനുംകഴിയുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് സഞ്ചാരികള്‍ ബോട്ട് ഉപയോഗിക്കുന്നത്.
ഇതിനാല്‍ അനുവദിച്ച സമയത്തിനുള്ളില്‍ തടാകം ചുറ്റികാണാന്‍ കഴിയുന്നില്ല.ഡിടിപിസിക്ക് കീഴിലുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളേക്കാള്‍ തിരക്ക് പൂക്കോടാണ്. വരുംദിവസങ്ങളില്‍ സന്ദര്‍ശകരേറും. ഈ സമയത്താണ് സഞ്ചാരികളുടെ മനം മടുപ്പിക്കുന്ന സമീപനം. മഴ ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. മഴ ശമിച്ചാല്‍ ഓണം ആഘോഷിക്കാന്‍ കൂടുതല്‍പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല. അതേസമയം ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ മുഖ്യ ആകര്‍ഷണമായ മീന്‍മുട്ടി വെള്ളച്ചാട്ടം അടച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. വനംവകുപ്പിന് കീഴില്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിലുള്ള വെള്ളച്ചാട്ടം കാണാന്‍ ധാരാളം സഞ്ചാരികളാണ് വന്നിരുന്നത്.ചിലര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് മീന്‍മുട്ടി അടച്ചത്. ഇത് വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികളുണ്ടായിട്ടില്ല.