എക്‌സൈസിന്റെ നീക്കം പഞ്ചായത്തംഗങ്ങള്‍ എതിര്‍ത്തു

Posted on: September 9, 2014 10:00 am | Last updated: September 9, 2014 at 10:00 am
SHARE

വടക്കഞ്ചേരി: യോഗം ചേരാതെ മിനുട്‌സില്‍ ഒപ്പിടുവിച്ച് വ്യാജമദ്യവേട്ട തടഞ്ഞെന്നു കാണിക്കാനുള്ള എക്‌സൈസിന്റെ നീക്കം പഞ്ചായത്തംഗംങ്ങള്‍ എതിര്‍ത്തു. കഴിഞ്ഞദിവസം വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസിലാണ് ഈ സംഭവമുണ്ടായത്.
മൂന്നുമാസം കൂടുമ്പോള്‍ അതത് പഞ്ചായത്തുകളില്‍ മദ്യം, മയക്കുമരുന്ന് സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി യോഗം വിളിക്കണമെന്നാണ് എക്‌സൈസിനു ലഭിച്ചിട്ടുള്ള നിര്‍ദേശം.എന്നാല്‍ യോഗം വിളിക്കാതെ യോഗം വിളിച്ചെന്ന് കാണിച്ച് മെംബര്‍മാരെകൊണ്ട് മിനിറ്റ്‌സ് ബുക്കില്‍ ഒപ്പിടുവിക്കാറാണു പതിവ്.
ഒന്നു രണ്ടുതവണ മെംബര്‍മാര്‍ ഒപ്പിട്ട് കൊടുത്തെങ്കിലും എക്‌സൈസ് അധികാരികള്‍ ഇത് സ്ഥിരം പണിയാക്കിയതോടെയാണ് മെംബര്‍ കെ കെ പ്രദീപിന്റെ നേതൃത്വത്തില്‍ ജോലിയിലെ കൃത്യവിലോപം തടഞ്ഞത്.ഓണസദ്യ കഴിഞ്ഞുവന്നിരുന്ന മെംബര്‍മാരെ പിടികൂടി പുറത്ത് മിനിറ്റ്‌സ് ബുക്കുമായി നിന്നിരുന്ന എക്‌സൈസ് ജീവനക്കാര്‍ ഒപ്പിടുവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഈ തെറ്റായ നടപടിക്കെതിരേ കഴിഞ്ഞവര്‍ഷം കെ കെ പ്രദീപിന്റെ നേതൃത്വത്തില്‍ എക്‌സൈസ് മന്ത്രിക്ക് പരാതി നല്കിയപ്പോള്‍ തുടര്‍ന്നുള്ള രണ്ടുയോഗങ്ങള്‍ മെംബര്‍മാരെ നേരത്തെ അറിയിച്ച് വിളിച്ചുകൂട്ടിയിരുന്നു. സമയമില്ലാത്തതിനാലാണ് വഴിയില്‍ മിനിറ്റ്‌സ് ഒപ്പിടുവിക്കുന്നതെന്നാണ് എക്‌സൈസിന്റെ വിശദകീരണം.
പഞ്ചായത്തിന്റെ പലഭാഗത്തും വ്യാജമദ്യവില്‍പ്പന നടക്കുന്നതിനാല്‍ അതു പറയാന്‍ അവസരം നല്‍കാതെ എക്‌സൈസ് അധികൃതര്‍ മദ്യവില്‍പ്പനക്കാര്‍ക്ക് കൂട്ടുനില്ക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here