Connect with us

Malappuram

ഓണമോര്‍മകളില്‍ അനാഥത്വം മറന്ന് കമലാക്ഷിയമ്മ പാടി

Published

|

Last Updated

കാളികാവ്: മനസ്സിലൊളിപ്പിച്ച വേദനകള്‍ മറന്ന് ഓര്‍മ്മച്ചെപ്പില്‍നിന്നെടുത്ത പഴയ ശീലില്‍ കമലാക്ഷിയമ്മ നീട്ടിപ്പാടി..””കദളിവാഴക്കൈയ്യിലിരുന്ന് കാക്ക വന്ന് വിരുന്ന് വിളിച്ചു.. വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടെ….”” നീറുന്ന മനസ്സുമായി കാഴ്ച മങ്ങിയ കണ്ണുകളില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുടച്ച് കമലാക്ഷിയമ്മയുടെ പാട്ട് തുടര്‍ന്നപ്പോള്‍ കേട്ടുനിന്നവരും ഒപ്പം മൂളി. ചോക്കാട്ടെ ശാന്തിസദനില്‍ അഗതികള്‍ക്കായി ഉദരംപൊയില്‍ മോണിങ്‌സ്റ്റാര്‍ ക്ലബ് ഒരുക്കിയ ഓണാഘോഷ പരിപാടിയിലാണ് വികാര നിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്.
എറണാകുളത്തുകാരിയായ കമലാക്ഷിയമ്മ എങ്ങനേയോ ചോക്കാട്ടെത്തിയതാണ്. ബാല്യവും കൗമാരവും കഴിച്ച്കൂട്ടിയ നാട്ടില്‍നിന്നും പിഴുതുമാറ്റപ്പെട്ട ഈ അമ്മക്ക് ഇപ്പോള്‍ ഉറ്റവരും ബന്ധുക്കളുമെവിടെയാണെന്ന് അറിയില്ല. ശാന്തി സദനിലെ മദര്‍ സുപ്പീരിയര്‍ സിസിലിയുടെ സ്‌നേഹാവായ്പ്പും പരിചരണവുമാണ് കമലാക്ഷിയമ്മയെ പോലെ നിരവധി അമ്മമാര്‍ക്ക് ഇവിടെ ആശ്വാസമാവുന്നത്. ശാന്തി സദനിലെ മറ്റു അംഗങ്ങളും ഗാനമാലപിച്ചു. വിഭവ സമൃദ്ധമായ സദ്യയുണ്ടു.
മുപ്പത് വര്‍ഷം പൂര്‍ത്തിയാവുന്ന മോണിങ്ങ് സ്റ്റാര്‍ ക്ലബിന്റെ ജന സേവന പരിപാടിയുടെ “ഭാഗമായണ് ശാന്തിസദനിലെ ആഘോഷം. ശാന്തി സദനത്തിലെ ഓണാഘോഷ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജെ മറിയക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ കെ സനോജ് അധ്യക്ഷത വഹിച്ചു. ചോക്കാട് പഞ്ചായത്ത് അംഗങ്ങളായ സി എച്ച് ഷൗക്കത്ത്, മാട്ടറ ലൈല, ബ്ലോക്ക് പഞ്ചായത്ത് അംഗം എം റഫീഖ, മോളി പൗലോസ്, തെന്നാടന്‍ നാസര്‍, പി ഹംസ, കെ സുരേഷ് കമുമാര്‍, ഒ പി അസീസ്, പി നൗഫല്‍, അഫ്‌ലഹ് തുടങ്ങിയവര്‍ സംസാരിച്ചു. മാട്ടറ ലത്തീഫ്, എ പി റശീദ്, ബാബു, എം നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി