ആളില്ലാത്ത വീട്ടില്‍ മോഷണം: പത്ത് പവനും പതിനായിരം രൂപയും കവര്‍ന്നു

Posted on: September 9, 2014 9:47 am | Last updated: September 9, 2014 at 9:47 am
SHARE

wiki-thiefതാമരശ്ശേരി: കോടഞ്ചേരി മണിപ്പാലില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. കല്ലിടുക്കില്‍ ജെയ്‌സണിന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് പത്ത് പവനോളം സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും കവര്‍ന്നത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ജെയ്‌സണും കുടുംബവും സഹോദരന്റെ ഗൃഹപ്രവേശത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ജെയ്‌സണ്‍ വീട്ടില്‍ വന്ന് തിരിച്ചു പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. വാതിലിന്റ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും അപഹരിക്കുകയായിരുന്നു. താരമശ്ശേരി സി ഐ. എം ഡി സുനില്‍, കോടഞ്ചേരി എസ് ഐ ജറാള്‍ഡ് എന്നിവര്‍ സ്ഥലത്തെത്തി. മോഷ്ടാക്കള്‍ ഉപേക്ഷിച്ച പേഴ്‌സില്‍ മണം പിടിച്ച പോലീസ് നായ ഇരുനൂറ് മീറ്റര്‍ അകലെയുള്ള പെട്ടിക്കടവരെയെത്തി തിരിച്ചോടി. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. കോടഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മുന്‍വാതില്‍ തകര്‍ത്തുള്ള മോഷണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. പ്രദേശത്ത് അടുത്തിടെയായി നിരവധി മോഷണങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. റബ്ബര്‍ഷീറ്റ് വ്യാപാരിയായ ജെയ്‌സണിന്റെ വീട്ടില്‍ഇതിന് മുംമ്പും മോഷണശ്രമങ്ങളും കടയില്‍ പലപ്പോഴായി മോഷണവും നടന്നിട്ടുണ്ട്. ചെറിയ മോഷണങ്ങള്‍ പരാതിപ്പെട്ടാലും പോലീസ് വേണ്ടത്ര ഗൗനിക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.