അപേക്ഷിച്ച് എട്ട് മാസം കഴിഞ്ഞിട്ടും ലോണ്‍ നല്‍കാതെ ധനകാര്യസ്ഥാപനം വഞ്ചിച്ചതായി പരാതി

Posted on: September 9, 2014 9:45 am | Last updated: September 9, 2014 at 9:45 am
SHARE

education-loan_thumbപേരാമ്പ്ര: വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചയാളെ എട്ട് മാസം പ്രതീക്ഷ നല്‍കിയ ശേഷം ധനകാര്യസ്ഥാപനം വഞ്ചിച്ചതായി പരാതി. എം ബി ബി എസിന് പഠിക്കുന്ന മകന് വേണ്ടിയാണ് ബി എസ് എന്‍ എല്‍ പേരാമ്പ്ര ഓഫീസിലെ ഉദ്യോഗസ്ഥന്‍ കായണ്ണ ചെറുക്കാട് പുതിയോട്ടുകുഴി ജയകുമാര് വിദ്യാഭ്യാസ ലോണിന്ന് വേണ്ടി അപേക്ഷിച്ചത്. ലോണ്‍ ലഭിക്കാത്തതുകാരണം കോഴ്‌സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്ന വിദ്യാര്‍ഥിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ചൈനയിലെ ബേഹുവ യൂനിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ കഴിയാവുന്നിടത്തുനിന്നൊക്കെ പണം സ്വരൂപിച്ചാണ് മകന്‍ ജഗദീപിനെ പഠിക്കാന്‍ അയച്ചത്. വാങ്ങിയ പണം തിരിച്ചുനല്‍കാനും തുടര്‍പഠനത്തിനുമായാണ് സ്‌റ്റേറ്റ് ബേങ്കില്‍ ലോണിനപേക്ഷിച്ചത്.
എട്ട് മാസം മുമ്പ് ലോണിനപേക്ഷിട്ടും നടപടിയില്ലാതെ വന്നപ്പോള്‍ മറ്റുവഴികളിലൂടെ ഇടപെടല്‍ നടത്തിയപ്പോള്‍ ബേങ്ക് ഉദ്യോഗസ്ഥര്‍ ഭൂമിയുടെ രേഖ ആവശ്യപ്പെടുകയായിരുന്നു. കായണ്ണ വില്ലേജ് ഓഫീസില്‍ നിന്ന് ആവശ്യമായ രേഖകള്‍ ശരിയാക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും കാലം ലോണിന് വേണ്ടി കാത്തിരുന്ന തന്നെ അകാരണമായി ദ്രോഹിക്കുന്ന നടപടിയാണ് ബേങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ജയകുമാര്‍ പറയുന്നു.
കഴിഞ്ഞ മൂന്നിന് തന്നെ ബേങ്കില്‍ വിളിപ്പിച്ച് വൈകീട്ട് നാല് വരെ കാത്തിരിപ്പിക്കുകയും ശേഷം രേഖയായി നല്‍കിയ ഭൂമിയിലേക്ക് റോഡ് സൗകര്യമില്ലെന്നും അതിനാല്‍ ലോണ്‍ അപേക്ഷ നിരസിക്കുകയാന്നെും പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും ഇദ്ദേഹം വിശദീകരിച്ചു.
ആറ് മാസം മുമ്പ് എല്ലാനടപടിക്രമങ്ങളും കഴിഞ്ഞ അപേക്ഷ മുടന്തന്‍ ന്യായം പറഞ്ഞ് തിരസ്‌കരിച്ച നിലപാടില്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് ജയകുമാറും കുടുംബവും.