Connect with us

Kozhikode

കിനാലൂരില്‍ തെരുവ് നായ ശല്യം രൂക്ഷം:ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ബാലൂശ്ശേരി: തെരുവ് നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് രണ്ട് വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ കുറുമ്പൊയില്‍ കാറ്റാടി ഭാഗത്ത് ചാത്തംവീട്ടില്‍ സുലൈമാന്‍ മുസ്‌ലിയാരുടെ മകന്‍ മിസ്ഹബ് (12)മണ്ണട്ടയില്‍ സീനത്തിന്റെ മകള്‍ റിസ്‌വാന(6) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കൊയലാട്ട് മുക്കില്‍ വെച്ച് തെരുവ് നായകള്‍ അക്രമിച്ചത്. ദേഹമാസകലം കടിച്ചുകീറിയ മിസ്ഹബിന്റെ ഒരുകൈക്ക് പൊട്ടലുമുണ്ട്. കുട്ടികളുടെ നിലവിളികേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് ഇവരെ നായകളില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഇവരെ കൂടാതെ പരിസരത്തെ വീടുകളിലെ വളര്‍ത്തു മൃഗങ്ങളേയും നായകള്‍ കടിച്ചു പരുക്കേല്‍പ്പിച്ചു.
കിനാലൂര്‍ വ്യവസായ കേന്ദ്രത്തിന്റെ കാറ്റാടിയിലുള്ള സ്ഥലത്ത് കാട് മൂടിക്കിടക്കുന്നതിനാല്‍ ഇവിടം താവളമാക്കിയാണ് തെരുവ് നായകള്‍ രാപകല്‍ വ്യത്യാസമില്ലാതെ കൂട്ടമായും ഒറ്റയായും സൈ്വര വിഹാരം നടത്തുന്നത്. ഇതിന് മുമ്പും പല തവണ ഇവിടങ്ങളില്‍ പേ പട്ടിയുടെയും നായുടെയും തെരുവ് നായകളുടെയും ശല്യമുണ്ടായിട്ടുണ്ട്. വ്യവസായ കേന്ദ്രത്തിന്റെ ഭൂമിയിലും മറ്റു സ്വകാര്യ പറമ്പുകളിലും മേയാന്‍ വിടുന്ന ആടുകളെ പലപ്പോയായി നായകള്‍ കടിച്ചു കൊന്നിട്ടുമുണ്ട്. തെരുവ് നായകളുടെ ശല്യം ഇത്രയധികം വര്‍ധിച്ചിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ആക്ഷേപമുയരുന്നു.