ജമ്മു കാശ്മീര്‍ പ്രളയം: മലയാളികളെല്ലാം സുരക്ഷിതര്‍

Posted on: September 9, 2014 9:17 am | Last updated: September 10, 2014 at 5:25 pm
SHARE

jammu

ന്യൂഡല്‍ഹി:  ജമ്മു കാശ്മീരിലെ പ്രളയ ബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളികളെല്ലാം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇവരെ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 369 മലയാളികളാണ് കാശ്മീരില്‍ കുടുങ്ങിക്കിടക്കുന്നത്.

പ്രളയ ബാധിത മേഖലയില്‍ കുടുങ്ങിയ മലയാളികളില്‍ 58 പേരെ നേരത്തെ ഡല്‍ഹിയിലെത്തിച്ചിരുന്നു. പ്രളയത്തിലകപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് പോകും.

കഴിഞ്ഞ അഞ്ചിനാണ് നാല്‍പ്പതംഗ മലയാളി സംഘം കാശ്മീരിലെത്തിയത്. ചൊവ്വാഴ്ച ഇവര്‍ മടങ്ങാനിരിക്കവെയാണ് ദുരന്തമുണ്ടായത്.
ചലച്ചിത്ര താരം അപൂര്‍വ ബോസും സംഘവും താമസിച്ച കോമ്രേഡ് ഹോട്ടലിന്റെ മൂന്ന് നിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ ഹോട്ടലിന്റെ അഞ്ചാം നിലയിലേക്ക് മാറ്റിയതായി ട്രാവല്‍ ഏജന്‍സി അറിയിച്ചു. ഇന്നലെ ഉച്ചവരെ അപൂര്‍വയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരനെയും ഡി ജി പി ബാലസുബ്രമണ്യത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.