തൃണമൂലിനെയും കോണ്‍ഗ്രസിനെയും സമ്മര്‍ദത്തിലാക്കി ശാരദാ ചിട്ടി തട്ടിപ്പ് അന്വേഷണം

Posted on: September 9, 2014 1:08 am | Last updated: September 9, 2014 at 1:08 am
SHARE

കൊല്‍ക്കത്ത: കോടികളുടെ ശാരദാ ചിട്ടി കുംഭകോണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം മുന്‍ കണ്‍വീനറും കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുമായ അലിഫ് ഖാനെ സി ബി ഐ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് നേതാവ് സോമന്‍ മിത്രയുടെ അടുത്ത സഹായി ബാദല്‍ ഭട്ടാചാര്യയെയും കേസില്‍ ഇന്നലെ ചോദ്യം ചെയ്തു. കൊല്‍ക്കത്തിയിലെ സി ബി ഐ ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. മാജി ആന്‍ഡ് ദാരി വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് പ്രശാന്ത് പ്രമാണിക്കിനെയും സി ബി ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. തട്ടിപ്പില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കഴിഞ്ഞ മാസം 29ന് സി ബി ഐ വൃത്തങ്ങള്‍ ഖാന്റെ വീട് റെയ്ഡ് ചെയ്തിരുന്നു.
കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പങ്ക് ഊര്‍ജിതമായി അന്വേഷിക്കുന്ന സി ബി ഐ നടപടിക്കെതിരെ പാര്‍ട്ടി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ബി ജെ പിയുടെ കൈയിലെ പാവയാണ് സി ബി ഐയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. സി ബി ഐ രാഷ്ട്രീയം കളിക്കുകയാണെന്നാണ് തൃണമൂല്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന കായിക മന്ത്രിയും തൃണമൂല്‍ നേതാവുമായ മദന്‍ മിത്രയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ബാപി കരീമിനെ ഇതിനകം സി ബി ഐ ചോദ്യം ചെയ്തിട്ടുണ്ട്. തൃണമൂല്‍ പുറത്താക്കിയ എം പി കുനാല്‍ ഘോഷിനെ ഒരിക്കല്‍ കൂടി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഘോഷ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം തൃണമൂല്‍ കോണ്‍ഗ്രസിനെ വെള്ളം കുടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കേസിലെ പ്രധാന പ്രതി സുദീപ്താ സെന്നിനുമൊപ്പം തന്നെ ചോദ്യം ചെയ്യണമെന്നായിരുന്നു അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥാ ചാറ്റര്‍ജിയും ലോക്‌സഭയിലെ പാര്‍ട്ടി നേതാവ് സുദീപ് ബന്ദോപാധ്യയായും ന്യൂഡല്‍ഹിയിലെത്തി ശാരദാ ഗ്രൂപ്പിന്റെ മാധ്യമ വിഭാഗം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
ആരോപണത്തിന്റെ മുന മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമതാ ബാനര്‍ജിയിലേക്ക് നീങ്ങുന്നുവെന്ന സൂചനയും സി ബി ഐ വൃത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡു (ഐ ആര്‍ സി ടി സി)മായി ശാരദാ ഗ്രൂപ്പിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. ടൂറിസം പദ്ധതികള്‍ സംബന്ധിച്ച് ഐ ആര്‍ ടി സിയും ശാരദാ ഗ്രൂപ്പിലെ ഒരു സ്ഥാപനവും 2010ല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നുവെന്നും സി ബി ഐ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
2010-11ലെ റെയില്‍വേ ബജറ്റില്‍ മമത പ്രഖ്യാപിച്ച പദ്ധതിയായ ‘ഭാരത തീര്‍ഥ’യുടെ ഭാഗമായി ഐ ആര്‍ സി ടി സിക്ക് വേണ്ടി ശാരദ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ദക്ഷിണേന്ത്യാ ടൂര്‍ പാക്കേജുകള്‍ നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി 14 രാത്രിയും 15 പകലും ഉള്‍ക്കൊള്ളുന്ന മൂന്ന് യാത്രകളാണ് ശാരദാ ടൂര്‍സ് സംഘടിപ്പിച്ചത്.
2013 ഏപ്രിലിലാണ് ശാരദാ ചിട്ടി തട്ടിപ്പ് പുറത്തു വന്നത്. കോടികളുടെ നിക്ഷേപം തട്ടി ശാരദാ ഗ്രൂപ്പലെ ചില സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയായിരുന്നു. കടലാസ് കമ്പനികളില്‍ നിക്ഷേപിച്ച് പണം തട്ടുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ശാരദാ ഗ്രൂപ്പിന്റെ തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സി ബി ഐ ഏറ്റെടുത്തത്.