തനിക്ക് പിന്‍ഗാമി ഉണ്ടാകില്ലെന്ന് ദലൈ ലാമ

Posted on: September 9, 2014 1:07 am | Last updated: September 9, 2014 at 1:07 am
SHARE

DALAILAMAബെര്‍ലിന്‍: തനിക്ക് ശേഷം പിന്‍ഗാമി ഉണ്ടാകില്ലെന്ന് ദലൈ ലാമ. ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള മതപാരമ്പര്യത്തിന് അവസാനമിട്ട് താന്‍ ടിബറ്റിന്റെ അവസാനത്തെ ആത്മീയ നേതാവാകുമെന്ന് ദലൈ ലാമ പറഞ്ഞത്.
ഏകദേശം അഞ്ച് നൂറ്റാണ്ടുകള്‍ക്ക് ഒരു ദലൈ ലാമയാണ് തങ്ങള്‍ക്കുണ്ടാകയെന്നും 14 ാം ദലൈ ലാമ ഇപ്പോള്‍ വളരെ ജനകീയനാണെന്നും ഇതോടെ ജനകീയ ദലൈ ലാമക്ക് അവസാനം കുറിക്കുകയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോഴത്തെ ദലൈ ലാമ ദുര്‍ബലനായിപ്പോയിരുന്നുവെങ്കില്‍ അത് ദലൈ ലാമക്ക് അപമാനമായിപ്പോയേനെയെന്നും ഒരു ചിരിയോടെ ദലൈ ലാമ പറഞ്ഞതായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലുണ്ട്. ടിബറ്റിലെ ബുദ്ധമതം ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത് . തങ്ങള്‍ക്ക് വളരെ നല്ല സംഘാടന സംവിധാനവും നല്ല നിലയില്‍ പരിശീലനം ലഭിച്ച സന്യാസിമാരും പണ്ഡിതരുമുണ്ടെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സമാധാന നോബല്‍ സമ്മാന ജേതാവ് കൂടിയായ ദലൈ ലാമ 2011 ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിരുന്നു. ടിബറ്റില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും ഇവിടെ വന്‍ സ്വാധീനമുണ്ട്. താന്‍ 100 വയസ്സ് വരെ ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും എന്നാല്‍ താന്‍ 113 വയസ്സിലേ മരിക്കുകയുള്ളുവെന്ന് സ്വപ്‌നം കണ്ടതായും 79 കാരനായ ദലൈലാമ പറഞ്ഞതായി അഭിമുഖത്തിലുണ്ട്.