ബുഗ്തി വധം: മുശര്‍റഫ് കോടതിയില്‍ ഹാജരായില്ല

Posted on: September 9, 2014 1:06 am | Last updated: September 9, 2014 at 1:06 am
SHARE

കറാച്ചി: ബലൂച് നേതാവ് നവാബ് അക്ബര്‍ ബുഗ്തി വധക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫ് കോടതിയില്‍ ഹാജരായില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ 71കാരനായ മുന്‍ പ്രസിഡന്റിനോട് ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യകാരണങ്ങളാല്‍ യാത്ര ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് കറാച്ചിയിലുള്ള തന്റെ കക്ഷിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാതെവന്നതെന്ന് മുശര്‍റഫിന്റെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ പ്രത്യേക വാദം കേള്‍ക്കല്‍ നടത്തണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചതായും അഭിഭാഷകനായ നസീര്‍ അഹ്മദ് ചീമ പറഞ്ഞു. മുശര്‍റഫ് ഹാജരായില്ലെങ്കിലും ഇദ്ദേഹത്തിന്റെ ജാമ്യക്കാരായ മുന്‍ മന്ത്രിരായ അഫ്താബ് അഹ്മദ് ഖാന്‍ ഷെര്‍പാവോയും ശുഐബ് നോശേര്‍വാണിയും കോടതിയില്‍ ഹാജരായി . കേസില്‍ വാദം കേള്‍ക്കുന്നത് കോടതി അടുത്ത മാസം 13ലേക്ക് മാറ്റി. മുശര്‍റഫ് ഭരണത്തിലിരിക്കെ 2006 ആഗസ്റ്റിലാണ് ഗോത്ര നേതാവും രാഷ്ട്രീയക്കാരനുമായ ബുഗ്തി കൊല്ലപ്പെടുന്നത്. ദേര ബുഗ്തിക്ക് സമീപം സുരക്ഷാ സൈന്യം നടത്തിയ ഓപ്പറേഷനിടക്കാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.