Connect with us

International

ഇസില്‍ സംഘത്തിന് നേരെ അമേരിക്ക വ്യോമാക്രമണം വ്യാപിപ്പിക്കുന്നു

Published

|

Last Updated

ന്യൂ പോര്‍ട്ട്: ഇറാഖിലെ ഹദീസ ഡാമിന് ഭീഷണി മുഴക്കിയ ഇസില്‍ സംഘത്തിന് നേരെ അമേരിക്ക അഞ്ച് വ്യോമാക്രമണങ്ങള്‍ നടത്തി. ഇസില്‍ സായുധ സംഘത്തിനെതിരെ ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ ഇസില്‍ സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ന്നു. വ്യോമവേധ വിമാനങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന ആയുധങ്ങള്‍ വഹിക്കുന്ന രണ്ട് വാഹനങ്ങളും തകര്‍ന്നവയില്‍ ഉള്‍പ്പെടും.
ഇറാഖ് സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരം, യു എസ് പൗരന്മാരെ സംരക്ഷിക്കുന്നതിനായി സൈന്യം ഇറാഖില്‍ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. ഹദീസ ഡാമിന് സമീപം ആക്രമണം ശക്തമാക്കുമെന്നും യു എസ് വ്യക്തമാക്കി.
സിറിയന്‍ അതിര്‍ത്തിയോടടുത്തുള്ള ഹദീസയിലും അല്‍ ഖൈമിലും ഇസില്‍ സംഘത്തിനെതിരെ യു എസ് ശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന് അല്‍ ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസില്‍ സംഘം ആയുധങ്ങള്‍ കടത്തുന്ന വഴിയാണിത്. ഇറാഖിന്റെ ഹെലിക്കോപ്റ്ററുകളും ആക്രമണത്തില്‍ പങ്കാളിയായതായി ഇറാഖ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഹദീസക്ക് 15 കിലോമീറ്റര്‍ അടുത്തുള്ള ബര്‍വാന പട്ടണത്തിന്റെ വടക്കന്‍ മേഖല സൈന്യത്തിന്റെ നിയന്ത്രണത്തിലായതായി ഇറാഖ് ഔദ്യോഗിക ചാനല്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഹദീസ ഡാം പിടിച്ചെടുക്കാന്‍ ഇസില്‍ സായുധ സംഘം ശ്രമം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലസംഭരണിയാണിത്. ഇറാഖ് സൈന്യത്തിന് പ്രാദേശിക സുന്നി ഗോത്ര വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. വടക്കന്‍ ഇറാഖിലെ മോസില്‍ ഡാം കഴിഞ്ഞ മാസം ഇസില്‍ സംഘം പിടിച്ചെടുത്തിരുന്നു. കുര്‍ദുകളുടെയും ഇറാഖ് സൈന്യത്തിന്റെയും പിന്തുണയോടെ വ്യോമാക്രമണം നടത്തിയ യു എസ്, ഡാമിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിനിടെ ഇറാഖ് വ്യോമ സേനയുടെ സഹായത്തോടെ കുര്‍ദ് പോരാളികള്‍ കലാക്കിനടുത്തുള്ള ഹസാര്‍ മൗതൈന്‍ തിരിച്ചുപിടിച്ചു. ഇസില്‍ സംഘത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണിത്. ഇസില്‍ സംഘത്തെ തുരത്താന്‍ യു എസ് സഹായം നിര്‍ണായകമാണെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. അമേരിക്കയുടെ സഹായവും പ്രത്യേകിച്ച് വ്യോമ സഹായവും ഉണ്ടെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇവരെ തുരത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസില്‍ സംഘത്തിനെരെയുള്ള ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ ഒമ്പത് രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കിയിരുന്നു. ഇറാഖിലും സിറിയയിലും ആക്രമണം വ്യാപിപ്പിക്കുന്ന ഇസിലിനെതിരെ സംഘടിതമായ സൈനിക ആക്രമണം നടത്തി നശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഒബാമ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest