ബീഹാര്‍ പോലീസില്‍ ഇനി കുരുമുളക് ബുള്ളറ്റും

Posted on: September 9, 2014 12:01 am | Last updated: September 9, 2014 at 1:00 am
SHARE

പാറ്റ്‌ന: ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുന്നതിനായി ബീഹാര്‍ പോലീസ് സേന ഇനി കുരുമുളക് ബുള്ളറ്റുകള്‍ ഉപയോഗിക്കും. ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതടക്കമുള്ള നടപടികള്‍ വലിയ മരണത്തിനും വലിയ പരുക്കുകള്‍ക്കും കാരണമാകുന്നുണ്ടെന്ന വിലയിരുത്തിയ പോലീസ് ഇതിന് പരിഹാരമെന്ന നിലയിലാണ് കുരുമുളക് ബുള്ളറ്റ് പയറ്റുന്നത്. സേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗം കൂടിയാണ് ഇത്.
‘കരുമുളക് തോക്കുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഉടന്‍ അവ സേനയുടെ ഭാഗമാകും. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അവ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ’- ബീഹാര്‍ പോലീസ് മേധാവി പി കെ ഠാക്കൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പിന്തുണ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ള കുരുമുളക് പൊടി നിറച്ച ഉണ്ടകളാണ് തൊടുത്തു വിടുക. ഇവര്‍ ജനക്കൂട്ടത്തിനിടയില്‍ പൊട്ടിത്തെറിക്കുന്നതോടെ കണ്ണില്‍ ശക്തമായ നീറ്റല്‍ അനുഭവപ്പെടും. കടുത്ത ചുമയുമുണ്ടാകും. അല്‍പ്പ സമയത്തിനകും സാധാരണ നില കൈവരിക്കുമെന്നതിനാല്‍ ഇവ തീര്‍ത്തും അപകടരഹിതമാകുമെന്ന് വിലയിരുത്തപ്പെടുന്നു.