പ്രതിസന്ധി കടുത്തു: ട്രഷറി ശൂന്യം;കേരളം ഓവര്‍ഡ്രാഫ്റ്റില്‍

Posted on: September 9, 2014 1:00 am | Last updated: September 9, 2014 at 1:00 am
SHARE

economic slow downതിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളം വീണ്ടും ഓവര്‍ഡ്രാഫ്റ്റിലായി. ട്രഷറിയില്‍ നിത്യച്ചെലവുകള്‍ക്ക് പണമില്ലാതെ വന്നതോടെയാണ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. റിസര്‍വ് ബേങ്കില്‍ നിന്ന് നൂറ് കോടി രൂപയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഓവര്‍ഡ്രാഫ്റ്റ് എടുത്തത്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേരളം വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകുന്നത്. ട്രഷറി ഓവര്‍ഡ്രാഫ്റ്റിലേക്ക് നീങ്ങിയത് ധന വകുപ്പ് അതീവ രഹസ്യമാക്കി വെച്ചിരിക്കയാണ്. പൊതുവിപണിയില്‍ നിന്ന് അഞ്ഞൂറ് കോടി രൂപ വായ്പയെടുക്കാന്‍ കടപ്പത്രം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇത് ലഭിക്കുന്ന മുറക്ക് തിരിച്ചടക്കാമെന്ന കണക്കുകൂട്ടലിലാണ് ഓവര്‍ഡ്രാഫ്‌റ്റെടുത്തത്.

സര്‍ക്കാറിന്റെ ദൈനംദിന ചെലവിന് വരുമാനം ഇല്ലാതെ വരുമ്പോള്‍ റിസര്‍വ് ബേങ്കില്‍ നിന്ന് കൈവായ്പ വാങ്ങിയാണ് (വേയ്‌സ് ആന്‍ഡ് മീന്‍സ് വായ്പ) ഈ പ്രതിസന്ധി മറികടക്കുന്നത്. 350 കോടി രൂപ വരെ ഇപ്രകാരം ഉപാധികളൊന്നും ഇല്ലാതെ സംസ്ഥാന സര്‍ക്കാറിനു വായ്പ എടുക്കാന്‍ കഴിയും. ഈ പരിധിയും കഴിഞ്ഞ് വായ്പ എടുക്കുമ്പോഴാണ് ഓവര്‍ഡ്രാഫ്റ്റാകുന്നത്. ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് അടിയന്തരമായി അഞ്ഞൂറ് കോടി രൂപ പൊതുവിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ കടപ്പത്രമിറക്കിയത്.
പ്രതിസന്ധികള്‍ക്കിടയിലും വെയ്‌സ് ആന്‍ഡ് മീന്‍സ് വായ്പയും ഓവര്‍ഡ്രാഫ്റ്റുമില്ലാതെ കാര്യങ്ങള്‍ നീക്കിയിരുന്നത് ധന വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി സോമസുന്ദരത്തിന്റെ ഇടപെടലായിരുന്നു. കേന്ദ്ര വ്യോമയാന സെക്രട്ടറിയായി ഇദ്ദേഹം ഡെപ്യൂട്ടേഷനില്‍ പോയതോടെ പ്രതിസന്ധി കടുക്കുകയായിരുന്നു.
ഓണക്കാല ചെലവുകള്‍ക്കായി ആഗസ്റ്റ് അവസാന ആഴ്ചയില്‍ ആയിരം കോടി കടമെടുത്തിരുന്നു. ഇത് തികയാതെ വന്നതോടെയാണ് അഞ്ഞൂറ് കോടി രൂപ കൂടി എടുക്കാന്‍ കടപ്പത്രമിറക്കിയത്. ഇതിനുള്ള ലേലം ഇന്ന് റിസര്‍വ് ബേങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും. ഇതോടെ പൊതുവിപണിയില്‍ നിന്നുള്ള ഈ വര്‍ഷത്തെ കടം 6,900 കോടി രൂപയായി. ഈ വര്‍ഷം 14,000 കോടിയോളം രൂപയാണ് ഇത്തരത്തില്‍ കടപ്പത്രങ്ങളിലൂടെ സംസ്ഥാനത്തിന് എടുക്കാവുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ തന്നെ ഇതിന്റെ പകുതിയോളം കടമെടുക്കേണ്ടിവന്നത് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. വികസനച്ചെലവുകള്‍ക്കാണ് ഇത്തരത്തില്‍ കടപ്പത്രങ്ങളിലൂടെ പണം സമാഹരിക്കുന്നത്. എന്നാല്‍, കടമെടുക്കുന്ന പണമെല്ലാം ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളത്. പദ്ധതി പ്രവര്‍ത്തനങ്ങളും മുന്‍ വര്‍ഷത്തേക്കാള്‍ പിന്നിലാണ്.
ഓണത്തിന് എതാണ്ട് 1,800 കോടി രൂപയായിരുന്നു സര്‍ക്കാറിന് ചെലവ്. ഇത് കണ്ടെത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ക്ഷേമനിധികളുടെയും പണം ഖജനാവില്‍ ഹ്രസ്വകാല നിക്ഷേപങ്ങളായി എത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ചെലവ് ചുരുക്കാനും വരുമാന വര്‍ധനവിനുമായി ധന വകുപ്പ് പല നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചെങ്കിലും പലതും ജനങ്ങളെ നേരിട്ട് ബാധിക്കുന്നതായതിനാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. തോട്ടങ്ങളുടെ പാട്ടത്തുക ഉയര്‍ത്തല്‍, സര്‍ക്കാര്‍ നല്‍കിയ മറ്റു വിവിധ ഭൂമികളുടെ പാട്ടങ്ങളുടെ നിരക്ക് ഉയര്‍ത്തല്‍, പുതിയ തസ്തിക സൃഷ്ടിക്കാതിരിക്കല്‍, വെള്ളക്കര വര്‍ധനവ് തുടങ്ങിയ നിര്‍ദേശങ്ങളാണ് ധന വകുപ്പ് പ്രധാനമായും മുന്നോട്ടുവെച്ചിരുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ബജറ്റില്‍ പ്രതീക്ഷിക്കുന്നത് 2,053 കോടി രൂപയുടെ റവന്യു കമ്മിയാണെങ്കിലും യഥാര്‍ഥ കമ്മി 13,000 കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. നികുതി വരുമാനം കുറഞ്ഞതോടെ മാസം 1,100 കോടി രൂപയുടെ റവന്യൂ കമ്മിയാണ് നേരിടുന്നത്.
ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ നിത്യച്ചെലവുകള്‍ക്കായി ഓരോ മാസവും ആയിരം കോടി രൂപയിലധികം കടമെടുക്കുകയാണ്. 1,400 കോടി രൂപയാണ് പ്രതിമാസം ശമ്പളം നല്‍കാന്‍ മാത്രം വേണ്ടി വരുന്നത്. പെന്‍ഷന്‍ നല്‍കാന്‍ 750 കോടി രൂപയും. കടത്തിന്റെ പലിശ തിരിച്ചടവിന് മാത്രം വേണ്ടത് എഴുനൂറ് കോടി രൂപയാണ്.
പദ്ധതിയേതരം ഉള്‍പ്പെടെ മറ്റു ചെലവുകള്‍ക്കെല്ലാമായി നാലായിരം കോടിയും പദ്ധതി ചെലവുകള്‍ക്ക് മറ്റൊരു നാലായിരം കോടിയും വേണം. ഇതെല്ലാമായിട്ടും ഓവര്‍ഡ്രാഫ്റ്റുമില്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്നത്. പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ മാര്‍ച്ചില്‍ പോലും ഓവര്‍ഡ്രാഫ്റ്റ് വേണ്ടിവന്നിരുന്നില്ല.