തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി അന്വേഷണം മറുനാട്ടിലേക്ക്

Posted on: September 9, 2014 12:55 am | Last updated: September 9, 2014 at 12:55 am
SHARE

മലപ്പുറം: വിവിധ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട രണ്ട് കുട്ടികള്‍ക്കായി മറുനാട്ടിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുട്ടികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് അനുമതി തേടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പോലീസ് അപേക്ഷ സമര്‍പ്പിച്ചു.
കഴിഞ്ഞ മാസം 16നാണ് സാമൂഹീക നീതി വകുപ്പിന്റെ തവനൂരിലെ സ്‌പെഷല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ ഒബ്‌സര്‍വേഷന്‍ മുറിയില്‍ നിന്ന് അഞ്ച് ആണ്‍കുട്ടികള്‍ രക്ഷപെട്ടത്. ജീവനക്കാരനായ കെയര്‍ടേക്കറെ മുറിക്കുളളില്‍ പൂട്ടിയിട്ടശേഷം രണ്ടാം നിലയുടെ ടെറസില്‍ കയറി രക്ഷപെടുകയായിരുന്നു. ഇതില്‍ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ വീട്ടുകാരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി. മറ്റ് രണ്ട് പേരാണ് ഇപ്പോഴും ഒളിവിലുളളത്. തമിഴ്‌നാട്ടുകാരനും ബംഗാളിയുമാണ് ഇനി പിടിയിലാകാനുളളത്.
ബംഗാളുകാരനായ കുട്ടി കല്‍പ്പകഞ്ചേരിയിലെ പെട്രോള്‍ പമ്പില്‍ നിന്നും പണം അടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടതാണ്. എ ടി എം കവര്‍ച്ച ഉള്‍ പ്പെടെ 12 കേസുകളിലെ പ്രതിയാണ് പരപ്പനങ്ങാടിയില്‍ താമസമാക്കിയ തമിഴ്‌നാട്ടുകാരനായ പതിനാല് വയസ്സുകാരന്‍. രണ്ട് പേരും കേരളം വിട്ടിരിക്കാനാണ് സാധ്യത. ഇവരുടെ ചിത്രങ്ങള്‍ മറുനാടുകളിലെ പോലീസിനും റയില്‍വേ പോലീസിനും കൈമാറുന്നതിന് ജുവനൈല്‍ കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചു. തവനൂരിലെ ചില്‍ഡ്രന്‍സ് ഹോമിന് സുരക്ഷിയില്ലെന്ന് കണ്ടെത്തിയതിനാല്‍ പിടിയിലായ മൂന്ന് കുട്ടികളെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.